ചെന്നൈ: നടന്‍ വിജയകുമാറും മകള്‍ വനിതയുമായുള്ള പോര് മുറുകുന്നതായി റിപ്പോര്‍ട്ട്. മകള്‍ ആക്രമിക്കുന്നതിനെതിരെ കേസുകൊടുത്തിട്ടും വനിതയെ അറസ്റ്റുചെയ്യാത്തതെന്തെന്ന് വിജയകുമാര്‍ പോലീസിനോട് ചോദിച്ചതായാണ് പുതിയ വിവരങ്ങള്‍.

തന്റെ വീട്ടില്‍ നടക്കുന്നത് നിയമവിരുദ്ധമായ കാര്യങ്ങളാണെന്നും അതെല്ലാം പുറത്തുപറഞ്ഞാല്‍ അച്ഛനും അമ്മയും നാറുമെന്നതിനാലാണ് തനിക്കെതിരെ നീങ്ങുന്നതെന്നും വനിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഞാനെല്ലാം തുറന്നുപറയുമെന്ന് ഭയന്നാണ് വേശ്യയായി ചിത്രീകരിച്ച് എന്നെ ജയിലിലടക്കാന്‍ ശ്രമിക്കുന്നതെന്നും വനിത ആരോപിച്ചിരുന്നു.

മകള്‍ ആക്രമിക്കുന്നെന്നും പറഞ്ഞ് വിജയകുമാറും ഭാര്യ മഞ്ജുളയും ചെന്നൈയില്‍ നിന്ന് മുങ്ങിയതായിരുന്നു. എന്നാല്‍ ശനിയാഴ്ച ചെന്നൈയില്‍ തിരിച്ചെത്തിയ വിജയകുമാര്‍ താന്‍ കൊടുത്ത പരാതി പ്രകാരം എന്തുകൊണ്ട് വനിതയെ അറസ്റ്റ് ചെയ്തില്ലെന്ന് അന്വേഷിക്കുകയായിരുന്നു.

കഴിഞ്ഞമാസം 20നാണ് വിജയകുമാറും ഭാര്യയും മകള്‍ക്കും ഭര്‍ത്താവിനുമെതിരെ കേസുമായി രംഗത്തെത്തിയത്. തുടര്‍ന്ന് വനിതയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ വനിത ഡി.ജി.പി ലതികാ ശരണിനെ കണ്ട് സംസാരിച്ചതോടെ കാര്യം കീഴ്‌മേല്‍ മറിഞ്ഞു. തന്നെയും ഭര്‍ത്താവിനെയും കുടുക്കാനുള്ള അച്ഛന്റെ ശ്രമമാണിതെന്നും മാണിക്കം എന്ന സിനിമയില്‍ അഭിനയിച്ചതുമുതല്‍ അച്ഛന്‍ തന്നെ കഷ്ടപ്പെടുത്തുകയാണെന്നും വനിത ഡി.ജി.പി.യെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഈ കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ ഡി.ജി.പി ഉത്തരവിടുകയായിരുന്നു.