ലണ്ടന്‍: തന്നെ അറസ്റ്റ് ചെയ്തതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് വിജയ് മല്യ രംഗത്തെത്തി. ഇത് ഇന്ത്യന്‍ മാധ്യമങ്ങളുടെ സ്ഥിരം ആഘോഷമാണെന്നാണ് മല്യ ട്വീറ്റ് ചെയ്തത്. ലണ്ടന്‍ സമയം ഇന്ന് രാവിലെയാണ് മല്യയെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തത്.

ഇത് ഇന്ത്യന്‍ മാധ്യമങ്ങളുടെ സ്ഥിരം ആഘോഷമാണെന്ന് പറഞ്ഞ മല്യ, വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അപേക്ഷയില്‍ വാദം തുടങ്ങുക മാത്രമാണ് ഇന്ന് ഉണ്ടായത് എന്നും ട്വീറ്റില്‍ പറയുന്നു.

വെസ്റ്റ് മിന്‍സ്റ്റര്‍ മെട്രോപൊളിറ്റന്‍ കോടതിയില്‍ ഹാജരാക്കിയ മല്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. മല്യയെ കൈമാറുമെന്ന കാര്യത്തില്‍ നേരത്തെ ഇന്ത്യയ്ക്ക് ബ്രിട്ടന്റെ ഉറപ്പ് ലഭിച്ചിരുന്നു.


Also Read: ‘ ഈ ചിത്രം ഇന്ത്യന്‍ ആര്‍മിയെ എന്നും വേട്ടയാടും’; യുവാവിനെ മനുഷ്യ കവചമാക്കിയ സംഭവത്തിനെതിരെ പ്രതിഷേധിച്ച മുന്‍ സൈനിക മേധാവിയെ പാക് ചാരനായി ചിത്രീകരിച്ച് തീവ്രദേശീയവാദികള്‍


മതിയായ രേഖകളോടെ രാജ്യത്തെത്തിയ മല്യയെ കൈമാറില്ലെന്ന നിലപാടിലായിരുന്നു ബ്രിട്ടന്‍ ആദ്യം. നിയമപ്രകാരം രാജ്യത്തുള്ളയാളെ കൈമാറുന്നതും ഇരു രാജ്യങ്ങളിലെ ശിക്ഷാ രീതികളും തമ്മിലുള്ള വ്യത്യാസത്തെ തുടര്‍ന്നായിരുന്നു ഇത്.

ബാങ്കുകളില്‍ നിന്ന് ഭീമമായ തുക വായ്പയെടുത്ത് തിരിച്ചടക്കാത്തതിനെത്തുടര്‍ന്ന് ബാങ്കുകള്‍ മല്യയുടെ സ്ഥാപനങ്ങള്‍ ജപ്തി ചെയ്തും മറ്റും നടപടി സ്വീകരിച്ച് വരികയായിരുന്നു. മല്യയെ കൈമാറുന്നത് സംബന്ധിച്ച എക്സ്റ്റ്രാഡിഷനുള്ള ഇന്ത്യയുടെ അപേക്ഷ ബ്രിട്ടീഷ് ഗവണ്‍മെന്റ് രേഖാമൂലം അംഗീകരിച്ചതായി വിദേശകാര്യ മന്ത്രാലയവും കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് അറസ്റ്റിലായതായുള്ള വിവരങ്ങള്‍ ഇന്ത്യക്ക് ലഭിക്കുന്നത്. ബാങ്കുകള്‍ നിയമ നടപടികള്‍ സ്വീകരിച്ച് തുടങ്ങിയതോടെയായിരുന്നു മല്യ രാജ്യം വിട്ടത്.