എഡിറ്റര്‍
എഡിറ്റര്‍
തോമസ് ഐസക്കിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
എഡിറ്റര്‍
Friday 22nd June 2012 11:38am

തൃശൂര്‍: മുന്‍മന്ത്രി തോമസ് ഐസക്കിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കൈക്കൂലി കേസില്‍ വിജിലന്‍സ് പിടികൂടിയ വാണിജ്യനികുതി ഉദ്യോഗസ്ഥന്‍ ജയനന്ദകുമാറിനെ മന്ത്രി രക്ഷിക്കാന്‍ ശ്രമിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം. രണ്ട് കോടി രൂപയായിരുന്നു കൈക്കൂലിയായി വാങ്ങിയിരുന്നത്.

തോമസ് ഐസക്കിനെതിരെയുള്ള കേസില്‍ മൂന്ന്മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ജയനന്ദകുമാറിന്റ ഓഫീസില്‍ റെയ്ഡ് നടത്തി കൈക്കൂലി വാങ്ങിയ രേഖകള്‍ കണ്ടെത്തിയ വിജിലന്‍സ് ഡി.വൈ.എസ്.പി സഫിയുള്ള സെയ്ദിനെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്.

കേസ് അട്ടിമറിക്കാന്‍ മന്ത്രിയായിരുന്ന സമയത്ത് തോമസ് ഐസക്ക് കൂട്ടുനിന്നെന്നും അന്വേഷണം അട്ടിമറിച്ചെന്നും പൊതുപ്രവര്‍ത്തകനായ രാജു പുഴങ്കര നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍ ഈ സംഭവങ്ങളൊന്നും അന്നു പുറത്തു വന്നില്ല. പിന്നീട് നാനോ എക്‌സല്‍ കമ്പനിയില്‍ നിന്നു കൈക്കൂലി വാങ്ങിയ കേസില്‍ ജയനന്ദകുമാര്‍ പ്രതിയായതോടെയാണ് ഈ ആരോപണം വീണ്ടും ഉയര്‍ന്നുവന്നത്. റെയ്ഡ് നടത്തിയ അന്നു രാത്രി റിപ്പോര്‍ട്ടു നല്‍കുന്നതിനു മുന്‍പായി തോമസ് ഐസക്ക് സെയ്ദിനെ വിളിച്ച് റിപ്പോര്‍ട്ട് കൊടുക്കരുതെന്നും തന്റെ മന്ത്രാലയത്തില്‍ കൈകടത്തേണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥന്‍ മന്ത്രി തന്നെ ഭീഷണിപ്പെടുത്തിയതിനാല്‍ കേസ് അന്വേഷണം നിര്‍ത്തുകയാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം, തനിയ്‌ക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് തോമസ് ഐസക്ക് പ്രതികരിച്ചു. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും സത്യം പുറത്തുവരട്ടേയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement