നെല്ലിയാമ്പതി: വനഭൂമി പണയപ്പെടുത്തി സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനില്‍ നിന്ന് 10 കോടിയോളം രൂപ ലോണ്‍ എടുത്ത വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ധനകാര്യ വകുപ്പ് ശുപാര്‍ശ. നെല്ലിയാമ്പതിയിലെ പാട്ട ഭൂമിയായ മീര ഫ്‌ലോറസ് എസ്‌റ്റേറ്റ് ആണ് സ്വകാര്യ വ്യക്തികള്‍ കെ.എസ്.ഐ.ഡി.സിയില്‍ പണയപ്പെടുത്തി വായ്പയെടുത്തത്.

Ads By Google

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തോട്ടക്കാരും തമ്മിലുള്ള അവിഹിത കൂട്ടുകെട്ട് കാരണമാണ് സര്‍ക്കാര്‍ വനഭൂമി പണയപ്പെടുത്തി എടുത്ത ലോണ്‍ തിരിച്ചടയ്ക്കാതെ സര്‍ക്കാരിന് ഭീമമായ നഷ്ടം ഉണ്ടായതെന്ന് ധനകാര്യ വകുപ്പ് കണ്ടെത്തി. 2010 നവംബറില്‍ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തുന്നതും തുടര്‍ന്ന് വിജിലന്‍സ്  ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുന്നതും. 2011 മാര്‍ച്ചില്‍ നല്‍കിയ അന്വേഷണ ശുപാര്‍ശ യു.ഡി.എഫ് സര്‍ക്കാര്‍ വന്നതോടെ അട്ടിമറിക്കപ്പെട്ടു. ധനകാര്യ വകുപ്പില്‍ പൂഴ്ത്തിവെക്കപ്പെട്ട രേഖകള്‍ വിവരാവകാശ നിയമ പ്രകാരമാണ് ‘ഡൂള്‍ ന്യൂസ്’ ഇപ്പോള്‍ പുറത്ത് കൊണ്ടുവരുന്നത്. ഇതോടെ ധനകാര്യ മന്ത്രി കൂടിയായ കെ.എം.മാണിയുടെ നെല്ലിയാമ്പതിയിലെ ഇടപെടല്‍ കൂടുതല്‍ വ്യക്തമാവുകയാണ്.

ന്യൂ വേള്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് എന്ന കമ്പനിക്ക് വ്യവസായ വികസന കോര്‍പ്പറേഷന്‍ ലോണ്‍ പുതുക്കി അനുവദിച്ചത് ഉടമയുടെ വ്യക്തിഗത സ്വത്തുക്കള്‍ക്ക് മേലുള്ള അവകാശം പണയപ്പെടുത്തി ആണ്. അവരുടെ കൈവശമുണ്ടായിരുന്ന നെല്ലിയാമ്പതിയിലെ അഞ്ഞൂറോളം ഏക്കര്‍ വനഭൂമിയാണ് ഇതിന് ഈടായി കാണിച്ചത്. എന്നാല്‍ സര്‍ക്കാര്‍ പാട്ടത്തിനുനല്‍കിയ വനഭൂമി പണയം വെക്കാന്‍ ആര്‍ക്കും അധികാരമില്ല.

വനഭൂമി കേന്ദ്രാനുമതി കൂടാതെ രജിസ്റ്റര്‍ ചെയ്ത് നല്‍കിയ നെന്മാറ സബ് രജിസ്ട്രാര്‍ക്കെതിരെയും അത് പണയമായി സ്വീകരിച്ച് ലോണ്‍ പുതുക്കി നല്‍കിയ വ്യവസായ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണവും അച്ചടക്ക നടപടിയും സ്വീകരിക്കണമെന്നും ധനകാര്യ അടീഷണല്‍ സെക്രട്ടറി നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു.

വിജിലന്‍സ് അന്വേഷണം കൂടാതെ ഉന്നത ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നും ശുപാര്‍ശയില്‍ പറയുന്നു. അഞ്ച് കോടി രൂപയ്ക്ക് മേലുള്ള അഴിമതികള്‍ സി.ബി.ഐ അന്വേഷിക്കേണ്ടതാണ് എന്നാണ് ധനകാര്യ വകുപ്പുദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ധനകാര്യ വകുപ്പ് നാളിതുവരെ ഒരു നടപടിയും സ്വീകരിക്കാതെ ഈ റിപ്പോര്‍ട്ട് പൂഴ്ത്തി. ഈ കേസന്വേഷണ ശുപാര്‍ശ പൂഴ്ത്താന്‍ സര്‍ക്കാരിനകത്തുതന്നെയുള്ള സമ്മര്‍ദം കാരണമാവണം വനം മന്ത്രി ഗണേഷ് കുമാര്‍ സി.ബി.ഐ അന്വേഷണം മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടത്.

ചെറുനെല്ലി തോട്ടത്തിന്റെ മാത്രം കാര്യമാണ് പി.സി.ജോര്‍ജ് പരസ്യമായി ന്യായീകരിക്കുന്നതെങ്കിലും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നെല്ലിയാമ്പതിയിലെ അവിഹിത ഇടപാടുകള്‍ ഓരോന്നോരോന്നായി പുറത്ത് വരുന്നതില്‍ നിന്നും വിഷയം കൂടുതല്‍ ഗൗരവമുള്ളതായി മാറുകയാണ്.