tm-jacobതിരുവനന്തപുരം: മുന്‍മന്ത്രി ടി.എം ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

2005ല്‍ ജലവിഭവ മന്ത്രിയായിരിക്കേ നടപ്പാക്കിയ തീരപഥം കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി പി.കെ രാജു നല്‍കിയ ഹരജിലാണ് ഉത്തരവ്.

തിരുവനന്തപുരം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിനുവേണ്ടിയാണ് തീരപഥം പദ്ധതി നടപ്പാക്കിയത്. 10.15 കോടി രൂപ ചിലവുവരുന്ന പദ്ധതിയുടെ 8.75കോടി രൂപയും ചെലവാക്കിയിരുന്നു.

എന്നാല്‍ പദ്ധതിക്കായി ഗുണമേന്മയില്ലാത്ത പൈപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് ആരോപണം. ഗുണനിലവാരമില്ലാത്തതിനാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉപയോഗിക്കാത്ത പൈപ്പുകളാണ് തീരപഥം പദ്ധതിക്കായി ഉപയോഗിച്ചത്. 58തവണ പൈപ്പുകള്‍ പൊട്ടിയതായും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

പദ്ധതിയിലെ അഴിമതിയിലൂടെ 8 കോടി രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടാക്കിയെന്നാണ് കേസ്.

2005ല്‍ ആരംഭിച്ച പദ്ധതി രണ്ട് വര്‍ഷത്തിനുള്ളില്‍ പലതവണ നിലച്ചു. തുടര്‍ന്ന് 2008ജൂണോടെ പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചു. രണ്ടുവര്‍ഷം നിലനിന്ന പദ്ധതിയ്ക്കായി 8.71 കോടി ചെലവഴിച്ചുവെന്നും പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ക്കുമാത്രമായി 19.57 ലക്ഷം രൂപ ചിലവിടേണ്ടിവന്നുവെന്നും ഇതിലൂടെ ഖജനാവിന് വന്‍നഷ്ടം സംഭവിച്ചതായും പറയുന്നു.