തൃശൂര്‍: കേരളാ ക്രിക്കറ്റ് അസോസിയേഷനെതിരെയുള്ള അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കൊച്ചിയില്‍ 2007ല്‍ നടന്ന ഇന്ത്യ-ഓസ്‌ത്രേലിയ മത്സരത്തിന്റെ ടിക്കറ്റ് വില്‍പനയിലെയും ഫ്‌ളഡ് ലൈറ്റ് സ്ഥാപിക്കലിലെയും അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഡിസംബര്‍ ഏഴിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാപക അംഗം പി.കെ ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കലൂര്‍ ജവലഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ 2007ല്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് കളിയുടെ ടിക്കറ്റ് വില്‍പനയില്‍ 1.17 കോടിയുടെ വെട്ടിപ്പ് നടന്നെന്നാണ് പ്രധാന ആരോപണം. ഇതിനു പുറമെ സ്‌റ്റേഡിയത്തില്‍ ഫ്‌ളഡ് ലൈറ്റ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ വിളിക്കാതെ കരാര്‍ നല്‍കിയതിലൂടെ 1.15 കോടി രൂപ നഷ്ടം വരുത്തിയതായും ഹര്‍ജിക്കാരന്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.സി മാത്യു, പ്രസിഡന്റ് ടി.ആര്‍ ബാലകൃഷ്ണന്‍, ട്രഷറര്‍ ജി. സജികുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി ടി.എന്‍ അനന്തനാരായണന്‍ എന്നിവരെയാണു പ്രതിസ്ഥാനത്തു ചേര്‍ത്തിരിക്കുന്നത്.

കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി.എ സെക്രട്ടറി ടി.സി മാത്യു പറഞ്ഞു. ഏതാനും ചില വ്യക്തികള്‍ കേരളാ ക്രിക്കറ്റ് അസോസിയേഷനെതിരെ പ്രവര്‍ത്തിക്കുകയാണ്. നാലോ അഞ്ചോപേര്‍ ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണിത്. ഇതില്‍ വ്യക്തതവരുത്തേണ്ട ഉത്തരവാദിത്തം കെ.സി.എക്കുണ്ട്. അതിനാല്‍ അന്വേഷണത്തിലൂടെ സത്യം പുറത്തുവരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.