കൊച്ചി: ഐജി ടോമിന്‍ തച്ചങ്കരിക്കെതിരായ കേസില്‍  വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണമെന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

തച്ചങ്കരിക്കെതിരായ കേസിന്റെ വിശദാംശങ്ങളും ഇതുവരെയുള്ള അന്വേഷണ പുരോഗതിയും കോടതിയെ അറിയിക്കണമെന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. കൂടാതെ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയോയെന്ന് അറിയിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്ന്  കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആരും ഹാജരായില്ല. അഡീഷണല്‍ ലീഗല്‍ അഡൈ്വസറാണ് ഇന്ന് കോടതിയിലെത്തേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹവും എത്തിയില്ല.

അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ പോസ്റ്റിംങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ആരും ഹാജരാവാത്തതിന് കാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അതിന് പകരം സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ യാതൊരു ശ്രമവും നടത്തിയിട്ടില്ല.

സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആരും എത്താതിരുന്നതിനെ തുടര്‍ന്ന് കേസ് 24 ലേക്ക് മാറ്റി.