തിരുവനന്തപുരം: നാനോ എക്‌സല്‍ തട്ടിപ്പ് കേസ് വിജിലന്‍സ് അന്വേഷിക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. നേരത്തെ വിജിലന്‍സ് ഡയറക്ടര്‍ ഇതു സംബന്ധിച്ച് കത്ത് സര്‍ക്കാരിന് നല്‍കിയിരുന്നു. ഈ കത്ത് പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. വിജിലന്‍സിലെ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും കേസന്വേഷണത്തിന്റെ ചുമതല. കേസുമായി ബന്ധപ്പെട്ട് വാണിജ്യനികുതി വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരായ അന്വേഷണവും വിജിലന്‍സിന്റെ പരിധിയില്‍ വരും. കേസില്‍ കൈക്കൂലി ഒഴികെയുള്ള കേസുകള്‍ ക്രൈംബ്രാഞ്ചായിരിക്കും അന്വേഷിക്കുക.

നാനോ എക്‌സല്‍ തട്ടിപ്പില്‍ വാണിജ്യനികുതി വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ജയനന്ദകുമാറിനെ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞ ദിവസം പോലീസ് സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു. ഗൂഡാലോചന, കമ്പനിയെ അനധികൃതമായി സഹായിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. കമ്പനിയില്‍നിന്ന് ഇയാള്‍ കോടികള്‍ കൈക്കൂലി വാങ്ങിയതായും ഈ പണം ഉപയോഗിച്ച് തൃശൂരിലെ ഒരു ജ്വല്ലറിയില്‍നിന്ന് സ്വര്‍ണ്ണബാറുകള്‍ വാങ്ങിയതായും പോലീസിന് വിവരം ലഭിച്ചിരുന്നു.