തിരുവനന്തപുരം: മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബന്ധുവിന് കാസര്‍ഗോഡ് ഭൂമി പതിച്ചു നല്‍കിയെന്ന കേസിന്‍മേല്‍ വിജിലന്‍സ് വി.എസ് അച്യുതാനന്ദന്റെ മൊഴിയെടുത്തു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായിരുന്ന കന്റോണ്‍മെന്റ് ഹൗസിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ ഒരു മണിക്കൂറോളം നീണ്ടു.

‘അവര്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു, ഞാന്‍ മറുപടി പറഞ്ഞു’ എന്ന് ചോദ്യം ചെയ്യലിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് വി.എസ് പറഞ്ഞു.

വിഎസിന്റെ ബന്ധുവായ ടി.കെ. സോമന് കാസര്‍ഗോഡ് 2.33 ഏക്കര്‍ ഭൂമി പതിച്ചുകൊടുത്തുവെന്നാണ് കേസ്. വിജിലന്‍സ് കാസര്‍ഗോഡ് എസ്.പി ഹബീബ് റഹ്മാന്റെ നേതൃത്വത്തിലുളള സംഘമാണ് വി.എസിനെ ചോദ്യം ചെയ്തത്. മുന്‍ റവന്യു മന്ത്രി കെ. പി. രാജേന്ദ്രന്റെ മൊഴിയും സംഘം രേഖപ്പെടുത്തിയിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ മാത്രമെ വിഎസിനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ.

Malayalam News

Kerala News in English