തൃശ്ശൂര്‍: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തില്‍ ഐ.ജി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെയുള്ള കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ആവശ്യപ്പെട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് വകുപ്പു നല്‍കിയില്ല. റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന ഉത്തരവിന് വിജിലന്‍സ് വകുപ്പ് ഒറ്റ വാചകത്തില്‍ മറുപടി നല്‍കുകയാണ് ചെയ്തത്.

തച്ചങ്കരിക്കെതിരെ പ്രോസിക്യൂഷന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന വിശദീകരണമാണ് റിപ്പോര്‍ട്ടിന് പകരം വിജിലന്‍സ് വകുപ്പ് നല്‍കിയത്. കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചോ എന്ന വിവരവും അറിയിക്കമെന്ന് രണ്ടു മാസം മുന്‍പായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്. ഇതിനാണ് വിജിലന്‍സ് അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ ഒറ്റവാചകത്തില്‍ മറുപടി നല്‍കിയത്.

ഇത് സംബന്ധിച്ച് വിജിലന്‍സ് വകുപ്പു സംസ്ഥാന സര്‍ക്കാരിനു ഫെബ്രുവരിയില്‍ കത്തു നല്‍കിയിരുന്നെന്നും പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാരാണു കേന്ദ്രത്തിനു കത്ത് അയയ്‌ക്കേണ്ടതെന്നും എന്നാല്‍ അനുമതി സംബന്ധിച്ച യാതൊരു അറിയിപ്പും വിജിലന്‍സ് വകുപ്പിനു ലഭിച്ചിട്ടില്ലെന്നും ലീഗല്‍ അഡ്വൈസര്‍ കോടതിയെ അറിയിച്ചു. കേസില്‍ മുഖ്യപ്രതിയായ ടോമിന്‍ ജെ. തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരേ പൊതുപ്രവര്‍ത്തകന്‍ പി.ഡി. ജോസഫാണു ഹര്‍ജി നല്‍കിയത്