Administrator
Administrator
വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
Administrator
Friday 23rd November 2012 12:00pm

തൃശൂര്‍: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ ആണ് അന്വേഷണം.

തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ആലപ്പുഴ അരൂരുള്ള ജെ.എസ്.എസിന്റെ മണ്ഡലം സെക്രട്ടറി സി.പി ബാബു നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

Ads By Google

മകന്റെയും മകളുടെയും പേരില്‍ 35 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍കിട ഹോട്ടലുകള്‍ വെള്ളാപ്പള്ളി വാങ്ങിയെന്നും ഹരജിയില്‍ പറയുന്നു. ഇടപാടുകളുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പില്‍ നിന്നുള്ള ചില രേഖകളും പരാതിക്കാരന്‍ ഹരജിക്കൊപ്പം ഹാജരാക്കിയിരുന്നു.

ഏക്കര്‍ കണക്കിന് സ്ഥലവും ആഢംബര ഫ്‌ളാറ്റുകളും വെള്ളാപ്പള്ളി വാങ്ങിയിട്ടുണ്ടെന്നും എസ്.എന്‍.ഡി.പി യോഗത്തിന്റെ പണവും ഇതിനായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ഹരജിയില്‍ ആരോപിക്കുന്നു.

വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എസ്.പിക്കാണ് അന്വേഷണച്ചുമതല. നാല് മാസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍ അന്വേഷണം വരട്ടെയെന്നും അന്വേഷണത്തെ താന്‍ ഭയപ്പെടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കും. ആര്‍ക്ക് വേണമെങ്കിലും വിജിലന്‍സ് കോടതിയില്‍ കേസ് നല്‍കാനുള്ള അധികാരമുണ്ടെന്നും തുടര്‍നടപടികള്‍ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

വിജിലന്‍സ് കേസില്‍ പുതുമയില്ല. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കേസ് വരുന്നത് സ്വാഭാവികമാണ്. കള്ളക്കേസ് കൊടുത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Advertisement