എഡിറ്റര്‍
എഡിറ്റര്‍
നെല്ലിയാമ്പതി: കെ.എം. മാണിക്കും പി.സി. ജോര്‍ജിനുമെതിരെ വിജിലന്‍സ് അന്വേഷണം
എഡിറ്റര്‍
Tuesday 14th August 2012 2:21pm

തൃശൂര്‍: നെല്ലിയാമ്പതി ഭൂമി പ്രശ്‌നത്തില്‍ മന്ത്രി കെ.എം. മാണിക്കും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി വി. ഭാസ്‌കരനാണ് ഉത്തരവിട്ടത്.

Ads By Google

നെല്ലിയാമ്പതിയിലെ അഞ്ച് എസ്‌റ്റേറ്റുകള്‍ പാട്ടക്കരാര്‍ ലംഘിച്ച് പണയംവെച്ച് ബാങ്കുകളില്‍ നിന്ന് എസ്റ്റേറ്റ് ഉടമകള്‍ വന്‍ തുക വായ്പ എടുത്തതില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്നാണ് അന്വേഷിക്കുക. പാലക്കാട് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.

പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞവരെയും ഭൂമി മറിച്ചുവിറ്റവരെയും സംരക്ഷിക്കാന്‍ പി.സി. ജോര്‍ജ് കൂട്ടുനിന്നെന്നും വനഭൂമി കേസുകളില്‍ ഹൈക്കോടതിയില്‍ ഹാജരാകാതിരുന്ന എ.ജിക്കെതിരെ നിയമമന്ത്രി കെ.എം. മാണി നടപടി സ്വീകരിക്കാതിരുന്നതിനെയും ചോദ്യംചെയ്ത് നല്‍കിയ ഹരജികളിലാണ് ഉത്തരവ്.

കേരളാ കോണ്‍ഗ്രസ് നേതാക്കളായ മാണിയ്ക്കും ജോര്‍ജിനും പുറമേ ആറോളം എസ്‌റ്റേറ്റ് ഉടമകള്‍ക്കെതിരെയും അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

മലയാളവേദി ചെയര്‍മാന്‍ ജോര്‍ജ് വട്ടുകുളവും വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി.ഡി. ജോസഫും ഹരജികള്‍ നല്‍കിയിരുന്നു. ഏഴ് പേരെയാണ് ഹരജിയില്‍ എതിര്‍കക്ഷികളാക്കിയിരുന്നത്.

എസ്റ്റേറ്റുകള്‍ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ അഡ്വക്കേറ്റ് ജനറലിനെ അയയ്ക്കാതെ എസ്റ്റേറ്റ് ഉടമകള്‍ക്ക് സഹായകമായ നിലപാട് കെ.എം. മാണി കൈക്കൊണ്ടതെന്നും ഹരജിയില്‍ ആരോപിക്കുന്നു.

അതേസമയം അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി പി.സി ജോര്‍ജ് പ്രതികരിച്ചു. ഒരു എസ്‌റ്റേറ്റ് ഉടമയെയും സഹായിച്ചിട്ടില്ല. ചെറുനെല്ലിയിലെ 40 കര്‍ഷകരുടെ പ്രശ്‌നം മാത്രമാണ് താന്‍ മന്ത്രിക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നത്. മന്ത്രിക്ക് കത്തുനല്‍കുന്നവരെ പ്രതിയാക്കുന്ന നിലപാടാണിത്. മറ്റുഭൂമി പ്രശ്‌നങ്ങളിലും താന്‍ ഇടപെടല്‍ നടത്തുമെന്നും യഥാര്‍ഥ വസ്തുത വിജിലന്‍സിനെ ബോധ്യപ്പെടുത്തുമെന്നും ജോര്‍ജ് പറഞ്ഞു.

Advertisement