എഡിറ്റര്‍
എഡിറ്റര്‍
ആറന്മുള വിമാനത്താവളം: ഭൂമി നികത്തിയതിനെതിരെ വിജിലന്‍സ് അന്വേഷണം
എഡിറ്റര്‍
Thursday 22nd November 2012 3:46pm

കോട്ടയം: ആറന്മുള വിമാനത്താവളത്തിനായി പാടങ്ങളും തണ്ണീര്‍തടങ്ങളും മണ്ണിട്ട് നികത്തിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവ്.

കോട്ടയം വിജിലന്‍സ് കോടതിയാണ് കേസില്‍ ഉത്തരവിട്ടത്. ആറന്മുള പൈതൃകഗ്രാമ കര്‍മസമിതിക്ക് വേണ്ടി സംഘടനയുടെ രക്ഷാധികാരി കുമ്മനം രാജശേഖരന്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

Ads By Google

2013 മാര്‍ച്ച് 14 ന് മുമ്പ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വിജിലന്‍സ് കമ്മിഷണറോട് കോടതി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്കെതിരെ ലാന്റ് റവന്യു കമ്മീഷണര്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടും നടപടിയെടുക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് കുമ്മനം ഹരജി നല്‍കിയത്.

2008 മുതല്‍ ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച റവന്യു ഉദ്യോഗസ്ഥരാണ് കേസില്‍ ആദ്യ ഏഴ് പ്രതികള്‍. ആറന്മുള ഏവിയേഷന്‍ കമ്പനിയും വിമാനത്താവളത്തിന്റെ ഇപ്പോഴത്തെ ചുമതലയുള്ള കെ.ജി.എസ് ഗ്രൂപ്പും പ്രതിപ്പട്ടികയിലുണ്ട്.

ഉദ്യോഗസ്ഥര്‍ക്കെതിരെ ലാന്‍ഡ് റവന്യു കമ്മിഷണര്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടും നടപടിയെടുക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ഹരജി.

ആറന്മുള വിമാനത്താവളത്തിനായി നെല്‍വയല്‍ നികത്താന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. സംസ്ഥാന പരിസ്ഥിതിവകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നെല്‍വയല്‍ ഉള്‍പ്പെടെയുള്ള അഞ്ഞൂറ് ഏക്കറോളം ഭൂമി നികത്താന്‍ അനുമതി നല്‍കിയത്.

നെല്‍വയല്‍ നികത്തുന്നതിന് ഉപാധികളും വനംപരിസ്ഥിതി മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്. റണ്‍വേയ്ക്കും ചരക്ക് കയറ്റുന്ന സ്ഥലത്തിനും ടാക്‌സി പാതയ്ക്കും മാത്രമേ ഭൂമി നികത്താവൂ, അവശേഷിക്കുന്ന ഭൂമിയില്‍ തല്‍സ്ഥിതി തുടരണം, പ്രദേശത്തെ അരുവികള്‍ സംരക്ഷിക്കണം എന്നിവയാണ് ഉപാധികള്‍.

അതേസമയം നെല്‍വയല്‍ നികത്തുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുത്തതിനെ തുടര്‍ന്ന് പരിസ്ഥിതി മന്ത്രാലയം സംസ്ഥാന പരിസ്ഥിതി വകുപ്പിനോട് വിശദീകരണം തേടിയിരുന്നു.

പദ്ധതി പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നായിരുന്നു സംസ്ഥാന പരിസ്ഥി വകുപ്പിന്റെ വിശദീകരണം. അതിനാല്‍ നെല്‍വയല്‍ നികത്താന്‍ അനുമതി നല്‍കാമെന്നും പരിസ്ഥിതി വകുപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് നെല്‍വയല്‍ നികത്താന്‍ വനംപരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്.

Advertisement