തൃശൂര്‍: മന്ത്രി അനൂപ് ജേക്കബിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. അനധികൃതമായി റേഷന്‍ ഡിപ്പോകള്‍ അനുവദിച്ചെന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Ads By Google

റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ ആണ് പരാതി നല്‍കിയത്. കേരള കോണ്‍ഗ്രസ്(ജെ) നേതാവ് ജോണി നെല്ലൂരിനെതിരെയും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ആറു പേരെ എതിര്‍കക്ഷികളാക്കിയാണ് പരാതി നല്‍കിയിരിക്കുന്നത്. വിജിലന്‍സിന്റെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല. ഏപ്രില്‍ 17 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

ചട്ടം ലംഘിച്ച് കോട്ടയം മണക്കാട് മൊത്തവ്യാപാരകേന്ദ്രം അനുവദിച്ചുവെന്നും പിറവം ഉപതെരഞ്ഞെടുപ്പിനായി 10,000 രൂപ വീതം റേഷന്‍ ഡിപ്പോകളില്‍ നിന്ന് പിരിച്ചുവെന്നും നിയമനത്തിനും സ്ഥലംമാറ്റത്തിനുമായി മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍.