തിരുവനന്തപുരം: മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധു നിയമനക്കേസ് വിജിലന്‍സ് അവസാനിപ്പിക്കാനൊരുങ്ങുന്നു. ജയരാജനെതിരായ അഴിമതി നിരോധന നിയമം നിലനില്‍ക്കില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് വിജിലന്‍സ് കേസ് അവസാനിപ്പിക്കുന്നത്. നിയമോപദേശകന്‍ സി.സി. അഗസ്റ്റിനും സമാന നിലപാടാണ് കേസില്‍ സ്വീകരിച്ചിരിക്കുന്നത്.


Also Read: ഭാവി ലോകത്തെ പുന:നിര്‍മ്മിക്കുക ഇന്ത്യയുടെയും ചൈനയുടെയും പ്രവര്‍ത്തനങ്ങള്‍: രാഹുല്‍ ഗാന്ധി


തെളിവില്ലാത്തതിനാല്‍ അന്വേഷണം തുടരാനാവില്ലെന്ന റിപ്പോര്‍ട്ട് ഇന്നു തന്നെ വിജിലന്‍സ് സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജയരാജന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടാന്‍ കാരണമായ ആരോപണമായിരുന്നു ബന്ധു നിയമനം. എന്നാല്‍ നിയമനം ലഭിച്ചിട്ടും പി.കെ.ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ സ്ഥാനമേറ്റെടുത്തിരുന്നില്ലെന്നും പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ലെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

ഉത്തരവിറങ്ങി മൂന്നാം ദിവസംതന്നെ മന്ത്രി ഇത് പിന്‍വലിച്ചെന്നും വിജിലന്‍സ് പറയുന്നു. വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനൊപ്പം ഏജന്‍സി ഹൈക്കോടതിയെയും തീരുമാനം അറിയിക്കും.


Dont Miss: പീഡനത്തിനിരയായ നടിക്ക് നീതി ലഭിക്കില്ല; കേസ് ചീട്ട് കൊട്ടാരം പോലെ തകര്‍ന്നുവീഴും; പി.സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ്


ജയരാജന്റെ ഭാര്യാസഹോദരിയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാരെ വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ എംഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സ് പ്രോഡക്ട്‌സിന്റെ ജനറല്‍ മാനേജരായും നിയമിച്ചെന്നുമുള്ള ആരോപണങ്ങളായിരുന്നു ജയരാജനു മന്ത്രിക്കസേര നഷ്ടപ്പെടുത്തിയത്.

വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ച ജയരാജന്‍ തനിക്ക് ധാര്‍മ്മികമായി തെറ്റുപറ്റിയെന്നത് വ്യാഖ്യാനം മാത്രമാണെന്നും മന്ത്രിസ്ഥാനത്തേക്ക് തിരിച്ച് വരുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും പറഞ്ഞു. നിരപരാധിത്വം തെളിയിക്കാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.