തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാറിന്റെ നിയമനം മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. അരുണ്‍കുമാറിനെ ഐ.എച്ച്.ആര്‍.ഡി. അഡീഷണല്‍ ഡയറക്ടറായി നിയമിച്ചതും സ്ഥാനക്കയറ്റം നല്‍കിയതും നിയമവിരുദ്ധമായാണെന്ന കേസിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

നീണ്ട അന്വേഷണത്തിനൊടുവിലാണ് വിജിലന്‍സ് അരുണ്‍ കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്. കേസ് അവസാനിപ്പിച്ച് വിജിലന്‍സ് കോടതിയില്‍ അന്വേഷണ സംഘം അന്തിമറിപ്പോര്‍ട്ട് നല്‍കി. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അരുണ്‍ കുമാറിനെ ഐ.എച്ച്.ആര്‍.ഡിയില്‍ നിയമിച്ചതെന്ന പരാതിയില്‍ വിജിലന്‍സ് രണ്ട് സംഘമായാണ് അന്വേഷണം നടത്തിയത്.


Also Read:  ‘സ്വയം പോയില്ലെങ്കില്‍ പിടിച്ചു പുറത്താക്കേണ്ടി വരും’; തോമസ് ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് വി.എസ്


അധ്യാപനത്തില്‍ ആവശ്യമായത്ര പ്രവര്‍ത്തന പരിചയമില്ലെന്നായിരുന്നു അരുണിനെതിരെ ഉയര്‍ന്നിരുന്ന ആരോപണം. എന്നാല്‍, നിയമനത്തില്‍ മാനദണ്ഡങ്ങള്‍ മറികടന്നിട്ടില്ലെന്ന് കണ്ടെത്തിയതായാണ് അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഐ.എച്ച്.ആര്‍.ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാര്‍ നിയമിതനാകുന്നത് നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്. അധ്യാപന പരിചയക്കുറവുള്ള വ്യക്തിയെ സ്വാധീനം ചെലുത്തി നിയമിച്ചെന്ന ആരോപണം നിയമസഭയില്‍ ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള സമിതി നിയമനത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.


Also Read: ക്രിസ്റ്റ്യനോ സ്വാര്‍ത്ഥന്‍; പക്ഷെ എനിക്ക് അയാളെ ഇഷ്ടമാണ്: കരീം ബെന്‍സേമ


ഇതേത്തുടര്‍ന്നാണ് കേസ് വിജിലന്‍സിന് വിട്ടത്. സമിതിയുടേത് വ്യക്തമായ കണ്ടെത്തലുകളല്ലെന്ന് വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഐ.എച്ച്.ആര്‍.ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രവീന്ദ്രന്‍ നായര്‍ക്കും വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കി.