തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ക്രിമിനല്‍ ഗൂഡാലോചന കുറ്റം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യ കമ്പനിക്കുവേണ്ടി റവന്യൂ വകുപ്പ് ഫയല്‍ പൂഴ്ത്തിയെന്നും കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നുമാണ് കേസ്.


Also read ‘അതാണെടാ ആണായി പിറന്ന കേരളാ പൊലീസ്’; പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസിനെ അഭിനന്ദിച്ച് കുഞ്ചാക്കോ ബോബന്‍ 


കേസില്‍ വിജിലന്‍സാണ് ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കി പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ ജലവിഭവ വകുപ്പ് ആറുമാസം ഫയല്‍ പൂഴ്ത്തിവച്ചതായും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ ക്രമവിരുദ്ധമായി പ്രവര്‍ത്തിച്ചതായും പറയുന്നുണ്ട്.

ജല അതോറിറ്റി മുന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയറായ ആര്‍ സോമശേഖരനാണ് കേസിലെ ഒന്നാം പ്രതി. എസ് മധു രണ്ടും, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍ മൂന്നും ഫ്‌ളാറ്റുടമ ടി. എസ് അശോക് അഞ്ചാം പ്രതിയുമായാണ് എഫ്.ഐ.ആര്‍.

ജലവിഭവ വകുപ്പ് ഫയല്‍ പൂഴ്ത്തിവെച്ച കാലയളവില്‍ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചതായും വിജിലന്‍സ് എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. പൈപ്പ്‌ലൈന്‍ മാറ്റിച്ചത് ജലവിഭവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണെന്നും ഈ സ്ഥലം
പുറമ്പോക്കല്ലെന്ന് ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷണ്‍ ഫയലില്‍ കുറിച്ചെന്നും ഇത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി അംഗീകരിക്കുകയായിരുന്നെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പാറ്റൂര്‍ ഭൂമി ഇടപാടില്‍ സര്‍ക്കാര്‍ ക്രമവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദനാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.