തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷണവിധേയമാക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.

ചന്ദനമാഫിയയ്‌ക്കെതിരെ വി.എസ് കൈകൊണ്ട നിലപാടില്‍ അയവുവരുത്താന്‍ മകന്‍ അരുണ്‍കുമാര്‍ ഏഴുലക്ഷം കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രധാന ആരോപണം. അരുണ്‍കുമാറിനെതിരായുള്ള ആരോപണങ്ങള്‍ രേഖാമൂലം ഉന്നയിക്കാന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിപക്ഷം തങ്ങളുടെ പരാതി എഴുതി നല്‍കി. എന്നാല്‍ ഈ പരാതികള്‍ മുഖ്യമന്ത്രി ലോകായുക്തയ്ക്ക് വിടുകയായിരുന്നു. ലോകായുക്തയുടെ പരിധിയില്‍ അരുണ്‍കുമാര്‍ വരില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാണിച്ചുവെങ്കിലും ഫലമുണ്ടായില്ല.

ലോകായുക്തയ്ക്കുമുമ്പാകെയുള്ള കേസ് ഈ മാസം പരിഗണിക്കാനിരിക്കെയാണ് മന്ത്രിസഭായോഗം തീരുമാനം അറിയിക്കുന്നത്. ലോകായുക്തയ്ക്കുമുമ്പാകെയുള്ള കേസ് അവസാനിപ്പിക്കുന്നതിനുമുമ്പ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നത് ശരിയല്ലാത്തതിനാല്‍ ഈ കേസ് പിന്‍വലിക്കുമെന്നും സൂചനയുണ്ട്.

കണ്ണൂര്‍ വൈദ്യുതി നിലയം സ്ഥാപിക്കാന്‍ അരുണ്‍കുമാര്‍ 75 കോടി ആവശ്യപ്പെട്ടുവെന്ന കെ.പി.പി നമ്പ്യാരുടെ വെളിപ്പെടുത്തല്‍, ചന്ദന ഫാക്ടറിയ്ക്കു ലൈസന്‍സ് നല്‍കാന്‍ ഏഴുലക്ഷം ആവശ്യപ്പെട്ടു, പാലക്കാട്ടെ എലപ്പുള്ളി ചന്ദന ഫാക്ടറി ലൈസന്‍സ് പ്രശ്‌നത്തില്‍ ഇടപെട്ടു, ഏഴുവര്‍ഷത്തെ അധ്യാപന പരിചയമുണ്ടെന്ന വ്യാജരേഖയുണ്ടാക്കി പ്രവേശനപരീക്ഷയെഴുതാതെ കേരളസര്‍വകലാശാലയില്‍ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങി 11 ആരോപണങ്ങളായിരുന്നു പ്രതിപക്ഷം എഴുതിക്കൊടുത്തത്.