കൊച്ചി: മുന്‍ മന്ത്രി എസ്.ശര്‍മ്മക്കെത്തിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഇടക്കൊച്ചി ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് വേണ്ടി ഭൂമി ഇടപാട് നടത്തിയതിലും സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് നല്‍കിതിലും അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജ് വി.ജയറാമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കെ.സി.എ സെക്രട്ടറി ടി.സി മാത്യു, ടാക്‌സ് കമ്മീഷണര്‍ മാരപാണ്ഡ്യന്‍ എന്നിവരുള്‍പ്പെടെ 18 പേര്‍ക്കെതിരെ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

ടാക്‌സ് വെട്ടിപ്പ് നടത്തിയതില്‍ 19 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. സെപ്തംബര്‍ 17ന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരം നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

ഭൂമി ഇടപാട് നടത്തിയതില്‍ 19 കോടി രൂപയുടെയും സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് നല്‍കിയതില്‍ രണ്ടേകാല്‍ കോടി രൂപയുടെയും അഴിമതി നടന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. അഴിമതി ആരോപണമുയര്‍ന്ന കെ.സി.എ ഭാരവാഹികളെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പരാതിയില്‍ പറയുന്നു.