Administrator
Administrator
കുഞ്ഞാലിക്കുട്ടിക്കും ആര്യാടനുമെതിരെ വിജിലന്‍സ് അന്വേഷണം
Administrator
Friday 12th August 2011 10:16am

kunjali-kutty കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടിക്കും, ആര്യാടന്‍ മുഹമ്മദിനുമെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സ് നേതാവ് എന്‍.കെ അബ്ദുല്‍ അസീസ് നല്‍കിയ പരാതിയിലാണ് അന്വേഷണം.

മന്ത്രി കുഞ്ഞാലിക്കുട്ടി ഭാര്യയുടെയും ബന്ധുക്കളുടെയും ബിനാമികളുടെയും പേരില്‍ കോടികളുടെ സ്വത്ത് വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് അടക്കം അഞ്ചിടങ്ങളില്‍ കുഞ്ഞാലിക്കുട്ടിക്ക് ഭൂമിയുണ്ടെന്നും ഖത്തറിലെ ഇരുമ്പുരുക്ക് വ്യവസായ ശാലയില്‍ കോടികളുടെ നിക്ഷേപമുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി. ചെര്‍ക്കളം അബ്ദുല്ലക്ക് കാസര്‍ക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനധികൃത സ്വത്തുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറിനെതിരെയും അന്വേഷണമുണ്ട്.

പരാതിയില്‍ പ്രാഥമിക വിവരം ശേഖരിക്കുന്നതിന് നടപടി തുടങ്ങിയതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പരാതിയെക്കുറിച്ച് വിശദാംശങ്ങള്‍ ആരായാനായി ഈ മാസം 17ന് ഹാജരാകാന്‍ വിജിലന്‍സ് അബ്ദുല്‍ അസീസിന് നോട്ടീസ് അയച്ചിട്ടുണ്ട്. വിജിലന്‍സ് ഡി.വൈ.എസ്.പി എന്‍.കെ പ്രകാശന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോഴിക്കോട് വിജിലന്‍സ് സെല്ലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

രണ്ട് വര്‍ഷം മുമ്പാണ് എന്‍.കെ അബ്ദുല്‍ അസീസ് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയത്. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന കാലത്താണ് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്റെ നിര്‍ദേശപ്രകാരം കോടിയേരി അന്വേഷണത്തിന് ഉത്തരവിട്ടത്.

Advertisement