തിരുവനന്തപുരം: പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയിരുന്നതായി രേഖകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ട് വിജിലന്‍സ് അന്വേഷണ സംഘം അവഗണിക്കുകയായിരുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ അഹമ്മദാണ് നിയമോപദേശം നല്‍കിയത്.

2011 മെയ് ഏഴിനാണ് പ്രോസിക്യൂട്ടര്‍ ഇതു സംബന്ധിച്ച് നിയമോപദേശം നല്‍കിയത്. മെയ് 13നാണ് ഉമ്മന്‍ചാണ്ടിക്കെതിരെ കുറ്റ വിമുക്തനാക്കിക്കൊണ്ട് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

അന്നത്തെ ധനമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ നിന്നും ബോധപൂര്‍വ്വം വിട്ടുനിന്നതായി പി.എ അഹമ്മദ് നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. അടിയന്തിര വിഷയമായതിനാലാണ് ഇറക്കുമതിയിലെ ചട്ടലംഘനം ചൂണ്ടിക്കാണിക്കാതിരുന്നതെന്ന ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം ഭക്ഷ്യവകുപ്പിന്റെ മൊഴിയുമായി യോജിച്ചു പോകുന്നില്ലെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. മൊഴികളും രേഖകളും പരിശോധിച്ച ശേഷമാണ് നിയമോപദേശം നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളുകയായിരുന്നു. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം നടത്തണമെന്നും വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിരുന്നു.