തിരുവനന്തപുരം: അടൂര്‍ പ്രകാശിനെ മന്ത്രിയാക്കാനായി വിജിലന്‍സ് അന്വേഷണം യു.ഡി.എഫ് അട്ടിമറിക്കുകയാണെന്ന് സി.പി.ഐ.എം. സംസ്ഥാന സക്രട്ടറി പിണറായി വിജയന്‍. വിജിലന്‍സ് കേസ് പുനരന്വേഷിക്കാനുളള നീക്കം അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.വിജിലന്‍സ് കേസുകള്‍ അട്ടിമറിക്കുന്നതിനെതിരെ ഡി.വൈ.എഫ്.ഐ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘കേസ് അട്ടിമറിക്കാനാണ് ഇപ്പോള്‍ അടൂര്‍ പ്രകാശിനെതിരെയുള്ള കേസ് പുനരന്വേഷിക്കാന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. ഇത് നിയമവാഴ്ചയെ അട്ടിമറിക്കും. ഇതിനെല്ലാം നേതൃത്വം നല്‍കുന്നത് ഉമ്മന്‍ചാണ്ടിയാണ്. അധികാരത്തിലെത്തിയിട്ട് നാളുകള്‍ക്കകം തന്നെ യു.ഡി.എഫ് ഇങ്ങനെ മുന്നോട്ട് പോകുമെന്ന് കരുതിയില്ല’- പിണറായി പറഞ്ഞു.

അതേസമയം അടൂര്‍ പ്രകാശിനെതിരെയുള്ള വിജിലന്‍സ് കേസ് പുനരന്വേഷിക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് മുന്‍ ആഭ്യന്തരമന്ത്രിയും സി.പി.ഐ.എം. നേതാവുമായ കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. യുഡിഎഫ് നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഐസ്‌ക്രീം കേസ് അതിനുദാഹരണമാണെന്നും കോടിയേരി പറഞ്ഞു.