എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമയി വിദ്യാര്‍ത്ഥിമാസികയുടെ ചന്ദ്രശേഖരന്‍ അനുസ്മരണ പതിപ്പ്
എഡിറ്റര്‍
Sunday 3rd June 2012 3:14pm

വടകര: ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ സി.പി.ഐ.എമ്മിനെതിരെയുള്ള അതിരൂക്ഷമായ വിമര്‍ശനവുമായി വിദ്യാര്‍ത്ഥി മാസികയുടെ ടി.പി. ചന്ദ്രശേഖരന്‍ അനുസ്മരണ പതിപ്പ് പുറത്തിറങ്ങി. ഇന്ന് രാവിലെ 8.30 ന് ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരന്റെ വീട്ടില്‍ വെച്ചു നടന്ന യോഗത്തില്‍ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകന്‍ വി.പി.വാസുദേവന്‍ ടി.പി.യുടെ ഭാര്യ രമയ്ക്ക് ആദ്യ കോപ്പി നല്‍കിയാണ് അനുസ്മരണ പതിപ്പ് പ്രകാശനം ചെയ്തത്.

ഇടതുപക്ഷ ആശയങ്ങളില്‍ അധിഷ്ഠിതമായി കോഴിക്കോട് നിന്നും പ്രസിദ്ധീകരിക്കുന്ന സ്വതന്ത്ര മാസികയാണ് വിദ്യാര്‍ത്ഥി. മാസികയുടെ ജൂണ്‍ ലക്കമാണ് ചന്ദ്രശേഖരന്‍ അനുസ്മരണ പതിപ്പായി ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

‘പകനക്കി കുടിക്കുന്ന ഇരുട്ട് മാത്രം’ എന്ന് കവര്‍ പേജില്‍ തന്നെ പറഞ്ഞുകൊണ്ട് തുടങ്ങുന്ന മാസിക വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ  വലതുവല്‍ക്കരണത്തെയും ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം ഇന്നുയര്‍ത്തുന്ന ഓരോ വാദഗതികള്‍ക്കും ശക്തമായ മറുപടി മാസിക നല്‍കുന്നുണ്ട്.

എസ്.എഫ്.ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. ബിമല്‍ എസ്.എഫ്.ഐ തൃശ്ശൂര്‍ മുന്‍ ജില്ലാ കമ്മിറ്റി അംഗം അജയന്‍, പി. ഗീത, വി.കെ.സുരേഷ് , സരിത കെ. വേണു, സൂര്യന്‍ മുതലായവര്‍ എഴുതിയ കൃതികള്‍ മാസികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നീമ കെ.എം ആണ് വിദ്യാര്‍ത്ഥി മാസികയുടെ എഡിറ്റര്‍

വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്ന് ഇത്തരത്തില്‍ രക്തസാക്ഷിത്വങ്ങളെ അനുസ്മരിക്കുന്നത് സന്തോഷമോ ആഹ്ലാദമോ അല്ല, മറിച്ച് ആശ്വാസമാണ് തരുന്നത് എന്ന് മാസിക പ്രകാശനം ചെയ്തുകൊണ്ട് വി.പി. വാസുദേവന്‍ പറഞ്ഞു. വിദ്യാര്‍ത്ഥി മാസികയുടെ സബ് എഡിറ്റര്‍ ദിവ്യ ദിവാകരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആല്‍ബിന്‍ നന്ദി പറഞ്ഞു.

Advertisement