ഉറുമിയില്‍ താന്‍ ചെയ്ത ഗാനം മാതാപിതാക്കള്‍ക്കുള്ള സമ്മാനമാണെന്ന് ബോളിവുഡ് നടി വിദ്യാബാലന്‍. താന്‍ മലയാള ചിത്രത്തില്‍ അഭിനയിക്കണമെന്നത് മാതാപിതാക്കളുടെ അതിയായ ആഗ്രഹമായിരുന്നു. അതുകൊണ്ടാണ് ഉറുമിയിലെ ആ ഗാനരംഗത്തിലും, ചില സീനുകളിലും അഭിനയിച്ചതെന്നും വിദ്യ പറഞ്ഞു.

ഉറുമിയിലേത് ഒരു ഐറ്റം ഗാനമല്ലെന്ന് വിദ്യ പറയുന്നു. ചിത്രത്തിലെ വേഷം തന്നെ ആവേശഭരിതയാക്കിയെന്നും നടി വ്യക്തമാക്കി. ഉറുമിയില്‍ ഒരു കോമരത്തിന്റെ വേഷത്തിലാണ് വിദ്യയെത്തുന്നത്. വിദ്യയുടെ ശബ്ദം തന്നെയാണ് കഥാപാത്രത്തിനും നല്‍കിയത്.

അതിനിടെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പുറത്തിറങ്ങന്ന ഉറുമി ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നാവുമെന്നാണ് നിരീക്ഷണം. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ മലയാള പതിപ്പ് മാര്‍ച്ച് 31 റിലീസ് ചെയ്യും.

കേളു നായര്‍ എന്ന പോരാളിയെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കേളുനായരുടെ സഹായി വാവലിയായി പ്രഭുദേവ പ്രത്യക്ഷപ്പെടുന്നു.യാത്രികനും ബഹുഭാഷാപണ്ഡിതനുമായ ചേനിച്ചേരിക്കുറുപ്പായി ജഗതി ശ്രീകുമാറും ചിത്രത്തിലുണ്ട്. ഇവര്‍ക്കു പുറമേ ബോളിവുഡ് താരം ജെനീലിയ, അമോല്‍ ഗുപ്ത, അശങ്കര്‍ശര്‍മ്മ, വനിത്യാമേനോന്‍ തബു, തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്. ശങ്കര്‍ രാമകൃഷ്ണനാണ് ഉറുമിയുടെ തിരക്കഥ എഴുതിയിട്ടുള്ളത്.