സ്ത്രീത്വം ഇതുപോലെ ആഘോഷിക്കപ്പെട്ട മറ്റൊരു റോള്‍ തനിക്ക് ലഭിച്ചിട്ടില്ലെന്ന് നടി വിദ്യാബാലന്‍. തെന്നിന്ത്യന്‍ മാദക സുന്ദരിയായിരുന്ന സില്‍ക്ക് സ്മിതയുടെ ജീവിത കഥ പറയുന്ന ഡര്‍ട്ടി പിക്ചറിലെ തന്റെ അഭിനയത്തെക്കുറിച്ചാണ് വിദ്യാബാലന്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടത്. തന്നെ ഈ റോളിലേക്ക് സംവിധായകന്‍ മിലന്‍ ലുധീര
പരിഗണിച്ചുവെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതം തോന്നിയിരുന്നുവെന്നും അവര്‍ പറഞ്ഞു.

‘ ഒരു സ്ത്രീയെന്ന നിലയില്‍ ഇതില്‍പരം അനുഭൂതി ഇതിന് മുമ്പ് ഞാനൊരിക്കലും അനുഭവിച്ചിട്ടില്ല. പെണ്‍ ജീവിതത്തില്‍ മുഴുവന്‍ നിറങ്ങളോടെയുമുള്ള മഴവില്ല് വിരിയുന്നുണ്ടതില്‍’ – വിദ്യാബാലന്‍ വ്യക്തമാക്കി.

സിനിമയില്‍ നസ്‌റുദ്ദീന്‍ ഷായുമൊത്തുള്ള ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് വിദ്യാബാലന്‍ പൂര്‍ത്തീകരിച്ചത്. ചുട്ടുപൊള്ളുന്ന പനിയിലും വിദ്യാബാലന്‍ ഗാനരംഗത്തില്‍ അഭിനയിച്ചുവെന്നാണ് വാര്‍ത്ത. ഹൈദരാബാദില്‍ നടക്കുന്ന ഡേര്‍ട്ടി പിക്ചറിന്റെ സെറ്റായിരുന്നു വേദി.

ഗാനരംഗത്തിന്റെ ചിത്രീകരണത്തിന് വേണ്ടി മൂന്ന് നാല് മണിക്കൂര്‍ വിദ്യയ്ക്ക് തുടര്‍ച്ചയായി കുളത്തിലിറങ്ങി നില്‍ക്കേണ്ടി വന്നത് കാരണം വിദ്യക്ക് പനിപിടിപെട്ടതായും വാര്‍ത്തകളുണ്ടായിരുന്നു.