അമല്‍ നീരദിന്റെ പുതിയ ചിത്രം അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മമ്മൂട്ടിയുടെ നക്ഷത്രമായി വിദ്യാബാലന്‍ എത്തിയേക്കും. മമ്മൂട്ടിയും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിലെ നായികയ്ക്കായുള്ള അന്വേഷണത്തിലാണ് സംവിധായകന്‍്. ബോളിവുഡ് നടിയും പകുതി മലയാളിയുമായ വിദ്യാ ബാലനാണ് ചിത്രത്തിലെ നായികയാവാനുള്ളവരുടെ പട്ടികയില്‍ മുന്നിലുള്ളത്. എല്ലാം ഒത്തുവരികയാണെങ്കില്‍ വിദ്യ ഈ ചിത്രത്തില്‍ എത്തില്ലെന്ന് പറയാനുമാകില്ല.

മമ്മൂട്ടിയും പൃഥ്വിരാജും മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവരല്ലെന്നും മലയാള സിനിമാരംഗത്തിന് പുറത്തും ഇവര്‍ക്ക് താരമൂല്യമുണ്ടെന്നും അമല്‍ നീരദ് പറഞ്ഞു. അതുകൊണ്ട് തന്നെ ഇരുവര്‍ക്കും യോജിക്കുന്ന ഒരു നായികയെ ആണ് തിരയുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. മോളിവുഡിന് പുറത്തും സിനിമയ്ക്ക് ബിസിനസ് കണ്ടെത്താനാണ് ഈ കാസ്റ്റിങിലൂടെ അമല്‍ നീരദ് ശ്രമിയ്ക്കുന്നത്.

അരിവാള്‍ ചുറ്റിക നക്ഷത്രം എന്നതു കൊണ്ട് നായകന്‍, വില്ലന്‍, നായിക എന്നിവരെയാണ് സൂചിപ്പിക്കുന്നത്. അന്യസംസ്ഥാനങ്ങളിലും ചിത്രത്തിന് ഒരു ഇംപാക്ട് ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും അമല്‍ നീരദ് പറഞ്ഞു. 1940-50കളിലെ കഥയാണ് അമല്‍ നീരദ് ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്.