ബോളിവുഡ് താരം വിദ്യ ബാലന്റെ കടുത്ത ആരാധികയാണ് താനെന്ന് നടി മീരാ നന്ദന്‍. വിദ്യയെ താന്‍ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അവരുടെ അഭിനയം ഏറെ ആകര്‍ഷിച്ചെന്നും മീര വ്യക്തമാക്കി.

‘ വിദ്യ കാണിക്കുന്ന അര്‍പ്പണ മനോഭാവം എനിക്കിഷ്ടമാണ്. അവതരിപ്പിക്കുന്ന എല്ലാ കഥാപാത്രത്തിനും വിദ്യ ജീവന്‍ നല്‍കുന്നു.  എന്നെ അത്ഭുതപ്പെടുത്തിയ നടിയാണവര്‍’ മീര പറഞ്ഞു.

വിദ്യയോട് തനിക്ക് ആരാധനയുണ്ടെങ്കിലും അവര്‍ ഒരിക്കലും തനിക്കൊരു പ്രചോദനമായിട്ടില്ലെന്നും മീര വ്യക്തമാക്കി. ‘ മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല. എന്നാല്‍ ഞാന്‍ ഒരാളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാറില്ല. ഞാന്‍ ആദരിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവരില്‍ ചിലരെ ഞാന്‍ ആരാധിക്കുന്നു. എന്നാല്‍ അവരാരും എനിക്ക് പ്രചോദനമായിട്ടില്ല.’

പ്രചോദനമെന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് മറ്റുള്ളവരുടെ പാത പിന്‍തുടരുകയെന്നതാണ്. അങ്ങനെയാവാന്‍ ആഗ്രഹിക്കുന്നില്ല. താനെന്താണോ അതാവാനാണ് ആഗ്രഹിക്കുന്നതെന്നും നടി വ്യക്തമാക്കി.

ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ഡേര്‍ട്ടി പിക്ചര്‍ ഉള്‍പ്പെടെ വിദ്യയുടെ മിക്ക സിനിമകളും കണ്ട തന്റെ വലിയ ആഗ്രഹമാണ് നടിയെ നേരിട്ട കാണുകയെന്നതെന്നും മീര വെളിപ്പെടുത്തി.

വിദ്യാബാലന് പുറമേ മീരയ്ക്ക് ആരാധന തോന്നിയ മറ്റൊരാളാണ് ചിത്ര ചേച്ചി. ചിത്രയെക്കുറിച്ച് മീര പറയുന്നതിങ്ങനെ ‘ വ്യക്തിയെന്ന നിലിയിലും പ്രഫഷണല്‍ എന്ന നിലയിലും ഇവരെ രണ്ടുപേരെയും എനിക്കിഷ്ടമാണ്. ചിത്രചേച്ചി സ്വന്തം മകളെ പോലെയാണ് എന്നെ കാണുന്നത്. ഇത്രയും പ്രശസ്തി നേടിയയാള്‍ എന്ന നിലയില്‍ എന്നെ പോലുള്ള ചെറിയ നടിമാരെ പരിഗണിക്കേണ്ട കാര്യം അവര്‍ക്കില്ല.’

മുല്ലയെന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച മീര ഇന്ന് മോളിവുഡിലും, കോളിവുഡിലും ടോളിവുഡിലും സാന്റല്‍വുഡിലും നിറഞ്ഞുനില്‍ക്കുന്ന നടിയാണ്.