നാഗ്പൂര്‍ : കടക്കെണിയില്‍പ്പെട്ട് വിദര്‍ഭയില്‍ മൂന്ന് ദിവസത്തിനകം ആത്മഹത്യ ചെയ്തത് 10 കര്‍ഷകര്‍. പരുത്തി കര്‍ഷകരാണ് കടം കയറി ആത്മഹത്യ ചെയ്യുന്നത്. ഇതില്‍ ആറു പേരും മരിച്ചത് യവത്മ പ്രദേശത്താണ്. കര്‍ഷക പ്രശ്‌നങ്ങള്‍ പഠിക്കാനായി റവന്യൂമന്ത്രി നാരായണ്‍ റാണെ ഗ്രാമീണ മേഖലയില്‍ സന്ദര്‍ശനം തുടങ്ങിയിരിക്കെയാണ് കര്‍ഷക ആത്മഹത്യ സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത് വന്നത്.

ആത്മഹത്യ ചെയ്തവരില്‍ ആറു പേര്‍ യവത്മ പ്രദേശത്താണ്. അകോലയില്‍ രണ്ട് കര്‍ഷകരും നാഗ്പൂരിലും വാഷിമിലും ഓരോ ആള്‍ വീതവുമാണ് ആത്മഹത്യ ചെയ്തത്. വിള നാശവും ലോണ്‍ തിരിച്ചടവ് മുടങ്ങിയതുമാണ് കര്‍ഷകരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതെന്ന് കാര്‍ഷിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പരുത്തി ക്വിന്റലിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയായ 2800 രൂപ ഉല്‍പാദന ചെലവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൃഷിയിറക്കാന്‍ എടുത്ത ബാങ്ക് വായ്പ തിരിച്ചടക്കാനാവാതെയും കുടുംബം പുലര്‍ത്താന്‍ കഴിയാതെയുമാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതെന്ന് സാമ്പത്തിക വിദഗ്ധന്‍ ഡോ. കാണ്ഡെവാല്‍ പറഞ്ഞു.