നവംബര്‍ മുപ്പതിന് വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് എറണാകുളം ചെല്ലാനത്തെ എല്‍സിയുടെ വീടിനെ അടിപടലം തകര്‍ത്തു. ചെല്ലാനം തീരത്ത് ഒറ്റ മുറി വീട്ടിലായിരുന്നു ഇവരുടെ താമസം. ഓഖി ചെല്ലാനത്ത് വരുത്തിവച്ച നാശനഷ്ടം ചെറുതല്ല. വര്‍ക്ക്ഷോപ്പ് ജീവനക്കാരനായിരുന്ന റെക്സണ്‍ വീടിനു മുമ്പിലുണ്ടായ വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്. ഇതോടെ തകര്‍ന്നുപോയത് ഒരു കുടുംബത്തിന്റെ മൊത്തം പ്രതീക്ഷയാണ്. പല വീടുകള്‍ക്കും വിള്ളലുകളും തറ താഴേക്ക് ഇരുന്നുപോയ അവസ്ഥയുമാണ്.

പുലിമുട്ടും സീ വാളും നിര്‍മ്മിക്കാത്തത് കൊണ്ടാണ് ചെല്ലാനത്ത് ഓഖിയുടെ പ്രത്യാഘാതം
ഇത്രത്തോളം രൂക്ഷമായത്. തീരം തകര്‍ന്നതിന് ശേഷം സര്‍ക്കാര്‍ നിരവധി ദുരിതാശ്വാസ പ്രഖ്യാപനങ്ങള്‍ നടത്തി. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇവിടെ പ്രഖ്യാപനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. കടല്‍ ഭിത്തി നിര്‍മ്മാണം ഏപ്രില്‍ 30നകം തുടങ്ങുമെന്നാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരിക്കുന്ന്ത്. എന്നാല്‍ മൂന്നുമാസത്തിനുള്ളില്‍ തുടങ്ങേണ്ട ഈ ജോലിയുടെ യാതൊരു അനക്കവും ഇവിടെ കാണാനില്ല. സര്‍ക്കാര്‍ പറഞ്ഞ ദിവസത്തിലേക്കുള്ള ദിവസമെണ്ണികാത്തിരിക്കുകയാണ് ചെല്ലാനം തീരം