എഡിറ്റര്‍
എഡിറ്റര്‍
വീഡിയോ ക്ഷണക്കത്ത്, കാവലിന് പൊലീസും ഡ്രോണ്‍ ക്യാമറകളും: മഹാരാഷ്ട്ര ബി.ജെ.പി നേതാവിന്റെ മകന്റെ ആഢംബര വിവാഹം വിവാദമാകുന്നു
എഡിറ്റര്‍
Friday 3rd March 2017 2:07pm

മുംബൈ: സ്വന്തം മണ്ഡലം രണ്ടുവര്‍ഷമായി വരള്‍ച്ചയുടെ പിടിയില്‍ അമരുമ്പോള്‍ മഹാരാഷ്ട്ര ബി.ജെ.പി എം.എല്‍.എ റാവുസാഹബ് ദാന്‍വെയുടെ മകന് ആഢംബര വിവാഹം. വീഡിയോ ക്ഷണക്കത്തും പൊലീസിന്റെയും ഡ്രോണ്‍ ക്യാമറകളുടെയും നിരീക്ഷണത്തിലുള്ള ഡിസൈനര്‍ സെറ്റുകളുമൊക്കെയായിരുന്നു വിവാഹത്തിന്റെ ഹൈലൈറ്റ്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിസ് ഉള്‍പ്പെടെ 30,000ത്തിലേറെ അതിഥികളാണ് വിവാഹത്തിനെത്തിയത്. പ്രമുഖ മറാത്തി സംഗീതജ്ഞനായ രാജേഷ് സര്‍കാതെയുടെ മകള്‍ രേണുവിനെയാണ് ദേവ്‌നെയുടെ മകന്‍ സന്തോഷ് വിവാഹം കഴിച്ചത്.

വ്യാഴാഴ്ചയായിരുന്നു വിവാഹം. ഔറംഗാബാദിലെ ജാബിന എസ്‌റ്റേറ്റ് മൈതാനത്തായിരുന്നു ചടങ്ങ്. മധ്യകാലഘട്ടത്തിലെ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന സെറ്റാണ് വിവാഹത്തിനായി തയ്യാറാക്കിയത്. ഇന്ത്യയിലെ വിവിധ മേഖലകളിലുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം ചൈനീസ് വിഭവങ്ങളുമുണ്ടായിരുന്നു.

വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനായി പ്രമുഖ സിറ്റികളിലെയെല്ലാം ഒരു പ്രധാന റോഡെങ്കിലും അടച്ചിരുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

നേരത്തെ കേന്ദ്രമന്ത്രി നിതിന്‍ ഗഢ്കരിയുടെ മകളുടെ ആഢംബര വിവാഹം ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. അതിനെ ഓര്‍മ്മിപ്പിക്കും വിധമായിരുന്നു മഹാരാഷ്ട്രയിലെ എം.എല്‍.എയുടെ മകന്റെയും വിവാഹം.

Advertisement