തിരുവനന്തപുരം: വിവാദമായ ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പിനിടെ കള്ളവോട്ട് നടന്നുവെന്ന് പ്രതിപക്ഷ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വീഡിയോ ദൃശ്യങ്ങളുടെ പരിശോധന പൂര്‍ത്തിയായി. വോട്ടെടുപ്പ് സമയത്ത് സഭയില്‍ ഭരണപക്ഷത്ത് 69 പേര്‍ ഉണ്ടായിരുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. അതേസമയം വോട്ടെടുപ്പ് നീട്ടിക്കൊണ്ട് പോകാന്‍ ഭരണപക്ഷം മനപൂര്‍വ്വം ശ്രമിച്ചിരുന്നെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നുണ്ട്.

2.06നാണ് കെ എം മാണി സംസാരിച്ച് തുടങ്ങിയത്. രണ്ട് മിനിറ്റിന് ശേഷം സി. എഫ് തോമസ് മാണിയുടെ അടുത്ത്് വന്ന് പ്രസംഗം നീട്ടിക്കോളൂ എന്ന് പറയുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നുണ്ട്. 2.10ന് കുഞ്ഞാലിക്കുട്ടി പ്രതിപക്ഷത്തെ പ്രൊവോക് ചെയ്ത് സംസാരിക്കാന്‍ ആവശ്യപ്പെടുന്നതും വ്യക്തമായി കേള്‍ക്കാം. ഇതിനിടയില്‍ മന്ത്രി കെ ബാബു അംഗങ്ങളുടെ എണ്ണം എടുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്.

2.16നാണ് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ പോള്‍ ആവശ്യപ്പെടുന്നത്. തുടര്‍ന്ന 2.15 മുതല്‍ 2.20വരെ സഭയില്‍ ബഹളം നടക്കുന്നതായും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നുണ്ട്.

സഭയില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമുണ്ടായിരുന്നില്ലെന്നും കള്ളവോട്ട് ചെയ്താണ് ഭരണപക്ഷം ബില്ല് പാസാക്കിയതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം ഗവര്‍ണറെ കണ്ടിരുന്നു. പ്രതിപക്ഷം ആരോപണം ശക്തമാക്കിയപ്പോള്‍ മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സ്പീക്കള്‍ ജി. കാര്‍ത്തികേയന്‍ അനുമിത നല്‍കുകയായിരുന്നു.

വീഡിയോ ദൃശ്യങ്ങളുടെ പരിശോധനയില്‍ നിന്നും ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പില്‍ നിന്നും പ്രതിപക്ഷം വിട്ടുനിന്നു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ തുടങ്ങി ഭരണപക്ഷത്തെ പ്രമുഖരെല്ലാം വോട്ടെടുപ്പില്‍ സന്നിഹിതരായി.