എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മിയോട് സഹായമാവശ്യപ്പെട്ട് വിദര്‍ഭ
എഡിറ്റര്‍
Tuesday 7th January 2014 12:41pm

kejriwal-oth

നാഗ്പൂര്‍: ##ആം ആദ്മി പാര്‍ട്ടിയോട് സഹായം ആവശ്യപ്പെടാന്‍ തീരുമാനിച്ച്  വിദര്‍ഭ വ്യാവസായിക സംഘടന. 50000 കോടിയുടെ മഹാരാഷ്ട്ര സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡ്(എം.എസ്.ഡി.സി.എല്‍), മഹാജെന്‍കോ  അഴിമതികള്‍ പുറത്ത് കൊണ്ടു വരുന്നതിനാണ് സഹായം ആവശ്യപ്പെടുന്നത്.

വാണിജ്യ മന്ത്രി നാരയണ റാണെയ്ക്കും ബി.ജെ.പി യ്ക്കും ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും നല്‍കിയെങ്കിലും കാര്യമായ നടപടിയൊന്നും നടന്നില്ലെന്ന അരോപണമുണ്ട്.

താരിഫ് കുറച്ച് എം.എസ്.ഡി.സി.എല്ലിന് സബ്‌സിഡി നല്‍കണമെന്ന് റാണെ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും  തിരഞ്ഞെടുപ്പിന് ശേഷം ഏത് സര്‍ക്കാറായാലും സബ്‌സിഡി ഇല്ലാതാവുമെന്നായിരുന്നു കമ്പനി നിലപാട്.

ശരിയായ രീതിലാണ് വൈദ്യുത കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ സബ്‌സിഡി ഇല്ലാതെ തന്നെ താരിഫ് 25 ശതമാനമായി കുറയും.

ശീതകാല സമ്മേളനത്തിന് മുന്‍പ് ഈ വിഷയം ബി.ജെ.പി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നെങ്കിലും അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചില്ല. സംസ്ഥാന നിയമസഭയിലും ശക്തമായ ചര്‍ച്ചകളൊന്നും നടന്നില്ല.

2008-09 വരെ രാജ്യത്ത്  ഇന്‍ഡസ്ട്രിയില്‍ താരിഫ് യൂണിറ്റിന്  3.5 മുതല്‍ 4 രൂപ വരെയും ഡൊമസ്റ്റിക് താരിഫ് യൂണിറ്റിന് 4 മുതല്‍ 5 രൂപ വരെയുമായിരുന്നു.

എന്നാല്‍ ഇന്ന് ഇന്‍ഡസ്ട്രിയില്‍ താരിഫ് യൂണിറ്റിന് 8 മുതല്‍ 9 രൂപയും ഡൊമസ്റ്റിക് താരിഫ് യൂണിറ്റിന് 10 മുതല്‍ 12 രൂപ വരെയുമായി. വിദര്‍ഭ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ അധ്യക്ഷ്യന്‍ ആര്‍.ബി ഗോയന്‍ക മാധ്യമങ്ങളോട് പറഞ്ഞു.

മഹാജെന്‍കോയുടെ നിരക്ക് വര്‍ധനയാണ് താരിഫ് കുത്തനെ ഉയരുന്നതിന്റെ ഒരു പ്രധാന കാരണം. എം.എസ്.ഡി.സി.എല്‍ യൂണിറ്റിന് 2.23 നിരക്കിലാണ് ണ വൈദ്യുതി വാങ്ങിയിരുന്നത്.

ഇപ്പോഴത് 4.11 യൂണിറ്റായി.  പ്രൈവറ്റ്  കമ്പനികള്‍ 3.5 നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്നുണ്ടെങ്കിലും എം.എസ്.ഡി.സി.എല്‍ അത് വാങ്ങിക്കാന്‍ തയ്യാറല്ലന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം അഴിമതികള്‍ക്കെതിരെ ആം ആദ്മി പാര്‍ട്ടി നടപടികളെടുക്കുമെന്ന  പ്രഫുല്‍ ദോഷി, മായന്‍ ശുക്ല, വെങ്കട്ട് ഭട്ട്ഗാരെ, രവീന്ദ്ര കശ്‌കേദികര്‍ എന്നിവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ആംആദ്മിയെ സമീപിക്കുന്നതിന് വിദര്‍ഭയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ ബി.ജെ.പി ഈ പ്രശ്‌നത്തെ അവഗണിച്ചെന്ന പ്രസ്ഥാവന തെറ്റാണെന്ന് വിദര്‍ഭയുടെ തീരുമാനത്തില്‍ പ്രതികരിച്ചുകൊണ്ട് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

ആദര്‍ശ് അഴിമതി പ്രശ്‌നത്തിനിടയ്ക്ക് ഇത് ചര്‍ച്ച ചെയ്യാന്‍ പറ്റാതിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement