തിരുവനന്തപുരം: തിരുവനന്തപുരം യു.ജി.സി മാനദണ്ഡങ്ങള്‍ മറികടന്ന് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലറെ നിയമിക്കാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. പുതുതായി ആരംഭിച്ച വെറ്റിനറി, ഫിഷറീസ് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലറെ നിയമിക്കുന്നത് യു.ജി.സി ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണ് കണ്ടെത്തല്‍.
യു.ജി.സി മാനദണ്ഡമനുസരിച്ച് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അക്കാദമിക്ക് വിദഗ്ദനായിരിക്കണം. കൂടാതെ കുറഞ്ഞത് പത്തുവര്‍ഷമെങ്കിലും ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ പ്രഫസാറായിജോലിചെയ്തിരിക്കണമെന്ന നിബന്ധനയുമുണ്ട്.

ഐ.എ എസ് ഉദ്യോഗസ്ഥനായ ബി.അശോകിനെയാണ് വെറ്റിനറി സര്‍വകലാശാല വിസിയായി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുമുന്‍പ് നടന്ന മന്ത്രി സഭായോഗത്തിലാണ് തീരുമാനമുണ്ടായത്. എന്നാല്‍ സര്‍ക്കാരിന്റെ ശുപാര്‍ശയ്ക്ക് ഗവര്‍ണറുടെ അനുമതി ലഭിച്ചിട്ടില്ല. ചുമതലയേല്‍ക്കുന്നതിനുമുന്‍പ് ഇയാള്‍ മണ്ണൂറ്റിയില്‍ കാര്‍ഷിക സര്‍വകലാശാലയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

ഫിഷറീസ് സര്‍വകലാശാലയില്‍ കെ.ആര്‍ വിശ്വംഭരനെ സ്ഥിരപ്പെടുത്താനുള്ള നടപടിയും യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണെന്ന് റിപ്പോര്‍ട്ട്. നിലവില്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായ വിശ്വംഭരനും ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ ഇയാള്‍ക്കാണ് ഫിഷറീസ് സര്‍വകലാശാലയുടെ താല്‍ക്കാലിക ചുമതല.