ഹോക്ക് ഐ/വിബീഷ് വിക്രം

മൂന്ന് ആഴ്ചക്കാലം നീണ്ട് നിന്ന ചതുരംഗക്കളത്തിലെ ബുദ്ധിവൈഭവങ്ങളുടെ ബലപരീക്ഷണത്തിനൊടുവില്‍ ലോക ചെസ്സിലെ ചക്രവര്‍ത്തിപദം വീണ്ടും ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് സ്വന്തം. മോസ്‌ക്കോയിലെ ട്രട്യേക്കോവ്‌ ആര്‍ട്ട് ഗ്യാലറിയില്‍ നടന്ന മത്സരത്തില്‍ ഇസ്രായേലിന്റെ ബോറിസ് ജെല്‍ഫെന്‍ഡിനെ കീഴടക്കിയാണ് തുടര്‍ച്ചയായ നാലാം തവണയും ആനന്ദ് വിശ്വവിജയിയായത്. നേരത്തെ 2007, 2008, 2010 വര്‍ഷങ്ങളില്‍ ആനന്ദ് കിരീടം ചൂടിയിരുന്നു. 2000ത്തില്‍ നടന്ന ഫിഡെ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് കിരീടം കൂടി കണക്കിലെടുക്കുമ്പോള്‍ ഇത് അഞ്ചാം തവണയാണ് ബൗദ്ധികവിനോദത്തിന്റെ ജന്മനാട്ടിലേക്ക് ആനന്ദ് കിരീടവുമായെത്തുന്നത്.

12 മത്സരങ്ങള്‍ അടങ്ങിയ ഫൈനലവസാനിച്ചപ്പോള്‍ ഓരോ ജയവും ബാക്കി സമനിലകളുമായി ലഭിച്ച ആറ് പോയന്റുമായി ഇരുവരും തുല്യത പാലിക്കുകയായിരുന്നു. തുടര്‍ന്ന് വിജയികളെ നിശ്ചയിക്കാനായി നടത്തിയ ടൈബ്രേക്കര്‍ 1.5 നെതിരെ 2.5 പോയന്റ് നേടിയാണ് ആനന്ദ് വിജയതിലകമണിഞ്ഞത്. നാല് ഗെയിമുകളടങ്ങിയ ടൈബ്രേക്കറിലെ ആദ്യമത്സരം 32 നീക്കത്തിനൊടുവില്‍ സമനിലയില്‍ കലാശിച്ചു. രണ്ടാം ഗെയിമില്‍ വെളുത്ത കരുക്കളുടെ ആനുകൂല്യം മുതലെടുത്ത ആനന്ദ് 77 നീക്കത്തിനൊടുവില്‍ മത്സരം വരുതിയിലാക്കി. പിന്നീടുള്ള രണ്ട് ഗെയിമുകളും സമനിലയിലവസാനിച്ചപ്പോള്‍ ലോകചാമ്പ്യന്റെ കിരീടം ഒരിക്കല്‍ക്കൂടി 42 കാരനായ ആനന്ദിന് സ്വന്തമായി.

ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ആനന്ദിന് ഇത്തവണ കാര്യങ്ങള്‍ കുറെക്കൂടി ഏളുപ്പമാവുമെന്നായിരുന്നു ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ പൊതുവെ എല്ലാവരും വിലയിരുത്തിയിരുന്നത്. വ്യക്തിഗത റാങ്കിങ്ങില്‍ എതിരാളി ഏറെ പിന്നിലാണെന്നതും (നിലവിലെ റാങ്കിങ്ങില്‍ ജെല്‍ഫെന്‍ഡ് ഇരുപതാം സ്ഥാനത്താണ്) ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി നടത്തിയ മാസങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങളും മാത്രമല്ല 1993ന് ശേഷം ക്ലാസിക് ഗെയിമില്‍ ജെല്‍ഫെന്‍ഡിന് ആനന്ദിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും ഈ വിലയിരുത്തലിന് കൂടുതല്‍ സാധുതയേകി.

ആനന്ദ് അനായാസം കിരീടം നിലനിര്‍ത്തുമെന്ന വിദഗ്ദ്ധരുടെ ധാരണകള്‍ തെറ്റാണെന്ന് ആദ്യ മൂന്ന്  ഗെയിമുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ വ്യക്തമായി. താനും ഒരുങ്ങിത്തന്നെയാണെന്ന ജെല്‍ഫെന്‍ഡിന്റെ പ്രഖ്യാപനമായിരുന്നു സമനിലയിലവസാനിച്ച ഈ മൂന്ന് മത്സരങ്ങള്‍. നിലവിലെ ചാമ്പ്യനെതിരെ ആദ്യ ആറ് മത്സരങ്ങള്‍ സമനിലെയിലത്തിച്ചത് ജെല്‍ഫെന്‍ഡിന്റെ ആത്മവിശ്വാസവും വര്‍ദ്ധിപ്പിച്ചു.

ജെല്‍ഫെന്‍ഡിന്റെ ചടുലവും ബുദ്ധിപരവുമായ നീക്കങ്ങള്‍ക്ക് മുന്നില്‍ അതിവേഗ ചെസ്സിന്റെ അധിപനായി കരുതുന്ന ആനന്ദ് പലപ്പോഴും ചിന്താമഗ്നനായി. സാധാരണ ഒരു നീക്കത്തിന് നിശ്ചയിച്ച സമയത്തിന്റെ നാലിലൊന്ന് മാത്രമെടുക്കാറുള്ള ആനന്ദിന്റെ വേറിട്ട മുഖമാണ് ക്ലാസ്സിക് ഗെയിമിലുടനീളം കണ്ടത്. സമയനിയന്ത്രണത്തില്‍ പറ്റിയ പാളിച്ചയാണ് ഒരുഘട്ടത്തില്‍ ജയിക്കുമെന്ന് തോന്നലുളവാക്കിയ മൂന്നാം ഗെയിം സമനിലയിലവസാനിക്കാന്‍ കാരണമായത്. ആദ്യ 15 നീക്കത്തിനായി ശരാശരി 35 സെക്കന്റ് മാത്രമെടുത്ത എതിരാളിയുടെ വേഗതയും ആത്മവിശ്വാസത്തോടെയുള്ള നീക്കങ്ങളും ആനന്ദിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയെന്നതാണ് സത്യം. നീക്കങ്ങളില്‍ സ്വാഭാവികമായ വേഗത കൈമോശം വന്ന ആനന്ദ് കുറച്ച് കൂടി കളിച്ച് നോക്കാമായിരുന്ന പല ഗെയിമുകളും നേരത്തെത്തന്നെ സമനിലക്ക് സമ്മതിച്ചു.

സമനിലകളിലൂടെ ആനന്ദിന് മേല്‍ മാനസികമായി നേടിയ നേരിയ മുന്‍തൂക്കം ഏഴാം ഗെയിം വിജയിത്തിലെത്തിക്കാന്‍ ഒരു പരിധിവരെ ജെല്‍ഫെന്‍ഡിനെ സഹായിച്ചെന്ന് വേണം കരുതാന്‍. വെള്ളക്കരുക്കളുമായി കളിച്ച ഇസ്രായേല്‍താരം 38 നീക്കത്തിനൊടുവിലാണ് ആനന്ദിനെ കീഴടക്കിയത്. 19 വര്‍ഷത്തിന് ശേഷം ക്ലാസിക്കല്‍ ഗെയിമില്‍ ആനന്ദിനെതിരെ ജയം കണ്ട ജെല്‍ഫെന്‍ഡ് ലോകചാമ്പ്യനെക്കാള്‍ ഒരുപോയന്റ് മുന്നിലുമെത്തി. തോല്‍വിയോടെ ആനന്ദിനെതിരെ വിമര്‍ശനവുമായി വിദഗ്ദ്ധര്‍ പലരും രംഗത്തെത്തി. ആനന്ദിന്റെ നീക്കങ്ങള്‍ക്ക് മൂര്‍ച്ച നഷ്ടപ്പെട്ടു, ജയിക്കാനുള്ള പ്രചോദനമില്ല. വയസ്സേറെയായി എന്നിങ്ങനെ പോകുന്നു വിമര്‍ശന ശരങ്ങള്‍. വിമര്‍ശനമെയ്തവരുടെ കൂട്ടത്തില്‍ ചെസ് ഇതിഹാസം ഗാരി കാസ്പറോവ്, മുന്‍ ചാമ്പ്യന്‍ വ്‌ളാഡിമിര്‍ ക്രാംനിക്ക് എന്നിവരുമുണ്ടായിരുന്നു.

എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ അതേനാണയത്തില്‍ തിരിച്ചടിച്ച ആനന്ദ് വിമര്‍ശകര്‍ക്കും എതിരാളിക്കും അര്‍ഹിച്ച മറുപടി തന്നെ നല്‍കി. പതിനേഴ് നീക്കത്തിനൊടുവില്‍ എതിരാളിയെ കീഴടക്കി ആനന്ദ് പോയിന്റ്‌ നില വീണ്ടും തുല്യതയിലെത്തിച്ചു. ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറച്ച് നീക്കങ്ങള്‍ കണ്ട മത്സരത്തിലൂടെയാണ് ആനന്ദ് ജയം കരസ്ഥമാക്കിയത്. പിന്നീടുള്ള നാല് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടതും ടൈബ്രേക്കറിനൊടുവില്‍ ആനന്ദ്  വീണ്ടും ചാമ്പ്യനായതും.

ഒറ്റ നോട്ടത്തില്‍ ഒരു മേശക്കപ്പുറവുമിപ്പുറവുമിറുന്ന്‌ കളിക്കുന്ന സൗമ്യമായൊരു ബൗദ്ധിക വിനോദമാണ് ചെസ്സ്. എന്നാലതിനപ്പുറം കറുപ്പും വെളുപ്പും ഇടകലര്‍ന്ന 64 കളങ്ങളില്‍ അക്ഷൗഹിണികളെ അണിനിരത്തി ആത്യന്തിക വിജയത്തിനായി പരസ്പരം പോരടിക്കുന്ന യുദ്ധസമാനമായ ഒരു വിനോദം കൂടിയാണിത്. ഇരുകളിക്കാരും പരസ്പരം ശാരീരികമായി സ്പര്‍ശിക്കാത്ത കളിയാണ് ചെസ്സ്. എന്നാല്‍ ശരീരങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന മത്സരവേദികളിലെ അക്രമണോത്സുകതക്ക് സമമാണ് ചെസ്സ് പലകകള്‍ക്ക് ചുറ്റും രൂപം കെള്ളുന്നതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചോരചിന്താതെയുള്ള പരസ്പരമുള്ള ഏറ്റ് മുട്ടല്‍ തന്നെയാണത്.

ഇത്രയധികം വാശിയേറിയ അക്രമണോത്സുകമായ മാനസിക സമ്മര്‍ദ്ദത്തിനടിമപ്പെടുന്ന കളിയില്‍ നീണ്ടകാലം മുഖ്യധാരയില്‍ തന്നെ നിലയുറപ്പിക്കുക എന്നത് ചില്ലറക്കാര്യമല്ല. കഴിഞ്ഞ രണ്ട് ദശാബ്ദത്തോളമായി റാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളിലാണ് ആനന്ദിന്റെ സ്ഥാനം. സൗമ്യമാര്‍ന്ന പെരുമാറ്റത്തിലൂടെ എതിരാളികളുടെ പോലും പ്രീതിക്ക് പാത്രീഭൂതനാവുന്ന ആനന്ദിന് ഇനിയും വിശ്വവിജയങ്ങള്‍ ഒരുപാട് എത്തിപ്പിടിക്കാന്‍ കഴിയട്ടെയെന്ന്‌ നമുക്കാശിക്കാം. ആ നേട്ടങ്ങളില്‍ ഇന്ത്യക്കാരനെന്ന നിലയില്‍ നമുക്കഭിമാനിക്കാം. ഇരുപക്ഷത്തും രാജാവും മന്ത്രിയും സൈന്യപരിവാരങ്ങളും അണിനിരന്ന് ജയത്തിനായി പരസ്പരം പോരടിക്കുന്ന ചെസ്സില്‍ കീഴടക്കാനാവാത്ത വിശ്വരാജനായി ആനന്ദ് നീണാള്‍ വാഴട്ടെ…