ലൈംഗികശേഷി വര്‍ധിപ്പിക്കാനായി ലോകമെമ്പാടുമുള്ള പുരുഷന്‍മാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലൈംഗികോത്തേജന മരുന്നാണ് വയാഗ്രയെന്ന പേരില്‍ ലഭിക്കുന്ന നീല ഗുളികകള്‍. എന്നാല്‍ ഇവ ശ്രവണശേഷി ബാധിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്.

ബ്രിട്ടനില്‍ 200ലേറെ പേര്‍ക്ക് വയാഗ്ര ഉപയോഗിക്കുമ്പോള്‍ കേള്‍വിശക്തി കുറയുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. വയാഗ്രയെക്കൂടാതെ ലൈംഗിക ഉത്തേജനത്തിനായി ഉപയോഗിക്കുന്ന പല ഔഷധങ്ങളും ഈ പാര്‍ശ്വഫലമുള്ളവയാണെന്നും വിദഗ്ധര്‍ പറയുന്നു.

അമേരിക്കയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്‌റ്റോക് മാന്‍ഡ്‌വെല്ലി, ചാരിങ് ക്രോസ്, റോയല്‍ മാര്‍സ്‌ഡെന്‍ ആശുപത്രികളിലെ ഗവേഷകര്‍ ഇതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നുണ്ട്. അതിനായി അമേരിക്ക, ഏഷ്യ, യൂറോപ്പ്, ആസ്‌ത്രേലിയ എന്നിവിടങ്ങളിലെ ഡ്രഗ് ഏജന്‍സികളോട് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ശ്രദ്ധയില്‍പ്പെട്ട 47 കേസുകളില്‍ മിക്കതിലും വയാഗ്രയാണ് വില്ലനെന്ന് കണ്ടെത്തിയിട്ടുമുണ്ട്.

ഇക്കാര്യത്തില്‍ ആളുകള്‍ ശ്രദ്ധചെലുത്തണമെന്നും വയാഗ്ര കേള്‍വിക്കുറവുണ്ടാക്കുമോയെന്ന് തീര്‍ത്തുപറയാന്‍ വേണ്ടി കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും യുകെയിലെ മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട് റെഗുലേറ്ററി ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു.