ഒസാമ ബിന്‍ലാദന്റെ കീഴടങ്ങലും മരണവും പ്രമേയമാക്കിയ ഹോളിവുഡ് സിനിമ ‘ സീറോ ഡാര്‍ക്ക് തേര്‍ട്ടി’ യുടെ  ചിത്രീകരണം വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകര്‍ പഞ്ചാബില്‍ തടഞ്ഞു. മികച്ച സംവിധാനത്തിന് ഉള്‍പ്പെടെ ആറ് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ഹര്‍ട്ട് ലോക്കറിന് ശേഷം കാതറിന്‍ ബിഗ്‌ളോ സംവിധാനം ചെയ്യുന്ന സീറോ ഡാര്‍ക്ക് തേര്‍ട്ടി എന്ന സിനിമയുടെ ചിത്രീകരണമാണ് പഞ്ചാബില്‍ തടസപ്പെട്ടത്.

പാക്കിസ്ഥാനിലെ ലാഹോറിനോട് സാമ്യമുള്ള ഭൂപ്രദേശമായതിനാലാണ് ചണ്ഡീഗഡില്‍ ചിത്രത്തിലെ നിര്‍ണായക രംഗങ്ങള്‍ ചിത്രീകരിക്കാന്‍ സംവിധായിക തീരുമാനിച്ചത്. അബോട്ടാബാദില്‍ വച്ച് ബിന്‍ലാദനെ പിടികൂടുന്നതും കൊലചെയ്യുന്നതുമുള്‍പ്പെടെയുള്ള രംഗങ്ങളും ഇവിടെയാണ് ചിത്രീകരിക്കാനിരുന്നത്.

ലാഹോര്‍ എന്ന് തോന്നിക്കുന്ന തരത്തില്‍ ഒരുക്കിയ സെറ്റില്‍ പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിയതാണ് വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ബിന്‍ലാദനും പാക്കിസ്ഥാനുമെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ വി.എച്ച്.പി പ്രവര്‍ത്തകര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് പോലീസെത്തി പ്രതിഷേധക്കാരെ തടഞ്ഞേശേഷമാണ് ചിത്രീകരണം പുനരാരംഭിച്ചത്.

എട്ടോളം രാജ്യങ്ങളില്‍ ചിത്രീകരണാനുമതി നിഷേധിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ലഭിക്കാതിരുന്ന സിനിമയാണ് കാതറിന്‍ ബിഗ്ലോ ഇന്ത്യയിലെത്തിയത്. പഞ്ചാബിനെ പാക് നഗരമാക്കി മാറ്റുകയും പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തുകയും ചെയ്തിനാലാണ് ചിത്രീകരണം തടഞ്ഞതെന്ന് വി.എച്ച്.പി പ്രതിനിധി വിജയ് ഭരദ്വാജ് പറഞ്ഞു.

ലാഹോര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ വന്‍ സെറ്റൊരൂക്കിയായിരുന്നു ചിത്രീകരണം. ഇതിനായി 7 ലക്ഷം രൂപ മാര്‍ക്കറ്റിന് വാടക നല്‍കുകയും ചെയ്തു. ആളുകളുടെ വസ്ത്രത്തിലും, കടകളിലും ചുമരുകളിലുമൊക്കെ പാക്കിസ്ഥാന്‍ ടച്ച് വരുത്താന്‍ സംവിധായിക പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഓട്ടോറിക്ഷകളിലെല്ലാം പാക്കിസ്ഥാന്‍ നമ്പര്‍ പ്ലേറ്റാണ്.  കടകള്‍ക്കെല്ലാം പാക്കിസ്ഥാനി പേര്. പലതിലും അറബി അക്ഷരങ്ങള്‍.

പഞ്ചാബിലെ ചില ഉള്‍പ്രദേശങ്ങളും ചിത്രീകരണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇവര്‍ക്ക് അതിനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.  ഡിസംബര്‍ 19ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

Malayalam news

Kerala news in English