ന്യൂദല്‍ഹി: ബി.ജെ.പി നേതാവും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറിനെതിരെ രൂക്ഷവിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത്. ഗോവയിലെ ബീഫ് ലഭ്യതയുമായി ബന്ധപ്പെട്ട് മനോഹര്‍ പരീക്കര്‍ നടത്തിയ പ്രസ്താവനയാണ് വി.എച്ച്.പിയെ ചൊടിപ്പിച്ചിരിക്കുന്നത്.

പരീക്കര്‍ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ മുഖച്ഛായ തന്നെ പരീക്കര്‍ നഷ്ടപ്പെടുത്തിയെന്നും വി.എച്ച്.പി നേതാവ് ഡോ. സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു.


Dont Miss വിദ്യാര്‍ഥികളെ ഉപയോഗിച്ച് നേരിടാമെന്നതും നഴ്‌സ് സമരത്തെ അട്ടിമറിക്കാമെന്നതും വ്യാമോഹമാണ്: കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ വി.എസ്


കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ സംസാരിക്കവേ ഗോവയില്‍ ബീഫിന് ഒരിക്കലും ക്ഷാമമുണ്ടാകില്ലെന്നും അഥവാ ക്ഷാമമുണ്ടായാല്‍ തന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുമെന്നുമായിരുന്നു മനോഹര്‍ പരീക്കര്‍ പറഞ്ഞത്. ക്ഷാമമുണ്ടാകുന്ന അവസരങ്ങളില്‍ കര്‍ണാടകയില്‍ നിന്ന് ബീഫ് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമസഭയില്‍ ബി.ജെ.പി എം.എല്‍.എ നിലേഷ് കാബ്രാളിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പരീക്കര്‍.

എന്നാല്‍ പരീക്കറിന്റെ പ്രസ്താവനയോടെ ബി.ജെ.പി എന്നത് ബീഫ് ജോയ് പാര്‍ട്ടി എന്നായി മാറിയിരിക്കുകയാണെന്ന് വി.എച്ച്.പി കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ എത്രയും പെട്ടെന്ന് തന്നെ പരീക്കര്‍ രാജിവെക്കണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടു. കര്‍ണാടകയിലും ഗോവയിലും ഗോഹത്യ നിരോധിച്ചതിനെ കുറിച്ച് പരീക്കറിന് അറിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ദിവസവും 2000 കിലോ ബീഫാണ് ഗോവ മീറ്റ് കോംപ്ലക്‌സില്‍ നിന്നും ലഭ്യമാക്കുന്നതെന്നും അറവിനായി മാടുകളെ അന്യസംസ്ഥാനങ്ങൡ നിന്നും കൊണ്ടുവരുന്നതിന് തടസമുണ്ടാകില്ലെന്നും ഇതിന് നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു പരീക്കര്‍ പറഞ്ഞത്.