മംഗളുരു: കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗളുരു സന്ദര്‍ശനത്തിനെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍. മംഗളുരുവിലെ ദക്ഷിണ കന്നഡ ജില്ലയില്‍ ഫെബ്രുവരി 25ന് നടക്കുന്ന സാമുദായിക ഐക്യറാലിയില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്നതിനെതിരെയാണ് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്.

പിണറായി സന്ദര്‍ശിക്കുന്നതിനെ തുടര്‍ന്ന് വി.എച്ച്.പിയും ബജ്റംഗദളും ചേര്‍ന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പിണറായി ദക്ഷിണ കന്നഡ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന് വിഎച്ച്പി നേതാക്കള്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേരളത്തിലെ സി.പി.ഐ.എം രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആ പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ടാണ് എതിര്‍ക്കുന്നതെന്നുമാണ് വി.എച്ച്.പി നേതാവ് എം.ബി പുരനിക് പറയുന്നത്.


Must Read: കമല്‍ഹാസന്‍ പൊങ്ങച്ചക്കാരനായ വിഡ്ഢിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി: സംസ്‌കാരശൂന്യതയുടെ കാര്യത്തില്‍ നിങ്ങളുടെ പ്രാവീണ്യം തനിക്കില്ലെന്ന് കമല്‍


പിണറായി വിജയന്റെ സന്ദര്‍ശനത്തിനെതിരെ ഇതിനകം തന്നെ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വി.എച്ച്.പി അറിയിച്ചു.

‘കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഈ ജില്ലയിലേക്കു കടക്കാനോ പരിപാടിയില്‍ പങ്കെടുക്കാനോ അനുവദിക്കില്ല.’ പുരനിക് പറഞ്ഞു.

‘സ്വന്തം സംസ്ഥാനത്തില്‍ ക്രമസമാധാനം ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്തെ സാമുദായിക ഐക്യറാലിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. അദ്ദേഹത്തെ ക്ഷണിച്ചതു തന്നെ സാമുദായിക അനൗക്യം പ്രോത്സാഹിപ്പിക്കാനാണ്.’ അദ്ദേഹം ആരോപിച്ചു.

‘മറ്റാര് റാലിയില്‍ പങ്കെടുത്താലും ഉദ്ഘാടനം ചെയ്താലും ഞങ്ങള്‍ക്കു പ്രശ്‌നമല്ല. പക്ഷെ വിജയനെപ്പോലൊരു വ്യക്തിയെ അതിനു അനുവദിക്കില്ല.’ അദ്ദേഹം മുന്നറിയിപ്പു നല്‍കി.


Must Read:സാരമില്ല മകളേ.. ഡെറ്റോള്‍ ഒഴിച്ച വെള്ളത്തില്‍ അടിച്ചു നനച്ചു കുളിച്ച് മിടുക്കിയായി തലപൊക്കി നടക്കുക: ആക്രമിക്കപ്പെട്ട നടിയോട് സുഗതകുമാരി


കഴിഞ്ഞ വര്‍ഷവും പിണറായിക്ക് സംഘപരിവാറിന്റെ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്ന് 2016 ഡിസംബറില്‍ ഭോപ്പാലിലെ വിവിധ മലയാളി കൂട്ടായ്മകളില്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടികള്‍ പിണറായി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. നേരത്തെ ദല്‍ഹിയിലും പിണറായിക്ക് സംഘപരിവാറിന്റെ വിലക്കുനേരിട്ടിരുന്നു. സംഘപരിവാര്‍ വിലക്ക് ഭയന്ന് പിണറായി ദല്‍ഹിയിലെ പരിപാടി വെട്ടിച്ചുരുക്കി മടങ്ങുകയായിരുന്നു.