എസ്സേയ്‌സ് / വി.എച്ച് നിഷാദ്

Subscribe Us:

1992ല്‍ നടന്ന ഒരു തമാശ: മറ്റു പല ചിത്രകാരന്മാരോടുമൊപ്പം മത മൈത്രിയ്ക്ക് ഐക്യ ധാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ചിത്രം വര എന്ന മഹാമഹത്തില്‍ പങ്കെടുക്കാന്‍ എം എഫ് ഹുസൈന്‍ കോഴിക്കോടെത്തിയ നേരം. ബേപ്പൂര്‍ സുല്‍ത്താനെ ഹൃദയത്തില്‍ വരച്ചെടുക്കാന്‍ ഒരു ദിവസം വരയുടെ സുല്‍ത്താന്‍ ബേപ്പൂരിലെ വൈലാലില്‍ വീട്ടിലുമെത്തി. കുശലത്തിനു ശേഷം വരാന്തയിലിരുത്തി ബഷീറിനെ വരച്ചു തുടങ്ങി ഹുസൈന്‍.

ബഷീര്‍ സ്ഥിരം അനല്‍ ഹഖ് ഭാവത്തില്‍.

ഹുസൈന്‍ തന്റെ മുട്ടില്‍ ഡ്രോയിംഗ് ബുക് ചേര്‍ത്തു വെച്ച് ഏകാഗ്രമായ വരയില്‍.
ഒടുവില്‍ വര തീര്‍ന്നു.

ഇനിയാണ് നമ്മളൊക്കെ തവിടുപൊടിയാകുന്ന ആ സന്ദര്‍ഭം.
ഹുസൈന്റെ പടം വരപ്പു പുസ്തകത്തിലേക്ക് എത്തി നോക്കിയിട്ട് വൈക്കം മുഹമ്മദ് ബഷീര്‍ ജോറായി ഒരു ചോദ്യമിടുകയാണ്:
‘ആരാ ഇത്?’

എന്തായാലും ഹുസൈന്‍ വരച്ച ആ ബഷീര്‍ പടം പിന്നെ വലിയ ഹിറ്റായി. കേന്ദ്ര സാഹിത്യ അക്കാദമിക്കു വേണ്ടി എം എന്‍ കാരശ്ശേരി രചിച്ച ‘വൈക്കം മുഹമ്മദ് ബഷീര്‍’ എന്ന പുസ്തകത്തിനു വരെ മുഖചിത്രവുമായി.

ബഷീര്‍ ആദ്യം അനശ്വരതയിലേക്ക് നടന്നു. പിന്നാലെ ഇപ്പോള്‍ ഇതാ ഹുസൈനും.
എം എഫ് ഹുസൈനെ ഓര്‍ക്കുമ്പോള്‍ ആദ്യം ഈ തമാശയും പിന്നാലെ ആ ബഷീര്‍ പടവും അതിനും പിന്നാലെ തീവണ്ടി ബോഗി പോലെ കോഴിക്കോടന്‍ ഓര്‍മ്മകളുമാണ് നമ്മള്‍ മലയാളികള്‍ക്ക് വേദനയോടെ കവിഞ്ഞു വരിക.

നടന്‍ മോഹന്‍ലാലിനു ചിത്രം വരച്ചു നല്‍കി സന്തോഷിപ്പിച്ചും ചില വരകളുടെ താഴെ പച്ച മലയാളത്തില്‍ ഹുസൈന്‍ എന്നു തന്നെ എഴുതിയും ഒരു മലയാളിയേക്കാള്‍ വലിയ മലയാളിയായി ഹുസൈന്‍ മാറിയ ദിനങ്ങള്‍.

കേരളത്തിനെ കടലാസില്‍ പതിച്ചെടുക്കുന്നതിനു വേണ്ടി മാത്രമായി ഹുസൈനെ കുറച്ചു ദിവസം ഇവിടെ കിട്ടിയല്ലോ എന്ന് കേരളത്തിലെ കലാപ്രേമികള്‍ അന്നു സ്വകാര്യമായി അഹങ്കരിച്ചിരുന്നു.

ഹുസൈന്‍ ബഷീറിനെ മാത്രമല്ല പകര്‍ത്തിയത്. മനോരമാ പത്രത്തിന്റെ പേജുകളില്‍ കേരളത്തെ വരച്ചിട്ടും കല്യാണിക്കുട്ടിയെ കൊറിച്ചിട്ടും ആ കലാകാരന്‍ മലയാളത്തോട് ആദരവു കാട്ടി.

അള്ളാരാഖയും സക്കീര്‍ ഹുസൈനും വിരലുകളുടെ തുള്ളികള്‍ കൊണ്ട് തബലകളില്‍ പായിച്ച മഴയുടെ ശബ്ദം മാനാഞ്ചിറ പബ്ലിക്ക് ലൈബ്രറിയിലെ ഏത് വായനക്കാരനുമോര്‍ക്കുന്നു, ഇന്നും.
95ാം വയസ്സില്‍ ഖത്തര്‍ പൗരത്വം നേടിക്കൊണ്ട് ഇന്ത്യയില്‍ ഇടുങ്ങിച്ചുരുങ്ങിപ്പോയ ആവിഷ്‌കാരത്തിന്റെ ഇടത്തെ ഹുസൈന്‍ അപഹസിച്ചു.

എല്ലാ അര്‍ത്ഥത്തിലും ജീവിതം കൊണ്ടാടിയ ഒരു കലാകാരനായിരുന്നു ഹുസൈന്‍.
ഹുസൈന്റെ വിരലുകളില്‍ പതുങ്ങിയിരിക്കുമ്പോള്‍ ബ്രഷ് എന്നും വരയ്ക്കാനിരിക്കുന്ന ഒരു പൂവിന്റെ അദൃശ്യ ഭംഗി കാണിച്ചിരുന്നു.

വേദനയോടെ എം എഫ് ഹുസൈനെ ഓര്‍ക്കുന്നു.
ജൂണ്‍ മഴ മാനാഞ്ചിറയുടെ ഇരുണ്ട കാന്‍വാസിന്മേല്‍ ഓര്‍മയുടെ ചിത്രം വരയ്ക്കുമ്പോള്‍, പ്രിയപ്പെട്ട ഹുസൈന്‍, അങ്ങേയ്ക്ക് കേരളത്തിന്റെ കണ്ണുനീര്‍..!