എഡിറ്റര്‍
എഡിറ്റര്‍
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസഹായം ഉറപ്പായി
എഡിറ്റര്‍
Friday 8th August 2014 5:50pm

vizhinjam ന്യൂദല്‍ഹി: വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസഹായം. ധനമന്ത്രാലയത്തിന് കീഴിലെ സാമ്പത്തികകാര്യ സമിതിയാണ് സഹായം അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇതോടെ വി.ജി.എഫ് ഫണ്ട് ലഭിക്കുന്ന ആദ്യ തുറമുഖമായി വിഴിഞ്ഞം മാറും.

പദ്ധതി തുകയുടെ 20 ശതമാനം തുക, അതായത് 720 കോടി രൂപയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. പദ്ധതിയുടെ ടെണ്ടര്‍ നേടുന്ന കമ്പനിക്ക് തുകയുടെ ഇരുപത് ശതമാനം കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ഇനി അനുമതി നല്‍കേണ്ടത് എംപവേര്‍ഡ് കമ്മിറ്റിയും പ്രധാനമന്ത്രിയുമാണ്. ഒന്നാം ഘട്ടത്തില്‍ 6647 കോടി രൂപയാണ് വിഴിഞ്ഞം പദ്ധതിക്ക് വേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നത്.

കേന്ദ്ര സഹായം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മാറിമാറിവരുന്ന സര്‍ക്കാരുകളില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു. വിഴിഞ്ഞം പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിച്ച കാര്യവും തൊണ്ണൂറ് ശതമാനത്തിലേറെ ഭൂമി ഏറ്റെടുത്തു കഴിഞ്ഞ കാര്യവും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചിരുന്നു. കൂടാതെ ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി കെ. ബാബുവും പദ്ധതിയെ സംബന്ധിച്ച് നിരന്തരം ചര്‍ച്ച നടത്തിയതും വിഴിഞ്ഞത്തിന് ഗുണകരമായെന്ന് വേണം കരുതാന്‍.

പദ്ധതി കേന്ദ്രത്തിന്റേതാക്കി മാറ്റാന്‍ താല്‍പര്യമാണെന്നും അതിനുള്ള ചര്‍കള്‍ക്ക് തയ്യാറാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ പ്രഖ്യാപിക്കുന്ന വന്‍ പദ്ധതികളില്‍ വിഴിഞ്ഞവും ഇടം പിടിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Advertisement