Categories

കൊറിയന്‍ ഗ്രാന്‍പ്രി കിരീടവും സെബാസ്റ്റ്യന്‍ വെറ്റലിന്

യോങ്ഗാം (ദക്ഷിണ കൊറിയ): ഫോര്‍മുല വണ്‍ ദക്ഷിണ കൊറിയന്‍ ഗ്രാന്‍പ്രി കിരീടം ജര്‍മ്മനിയുടെ ഇരട്ടലോക ചാംപ്യന്‍ സെബാസ്റ്റ്യന്‍ വെറ്റലിന്. പോള്‍ പൊസിഷന്‍ ഒന്നാമതുള്ള മക്‌ലാരന്റെ ലൂയിസ് ഹാമില്‍ട്ടണെ രണ്ടാമതാക്കിയാണ് ഇരുപത്തിനാലുകാരനായ റെഡ്ബുള്‍ താരം സീസണിലെ പത്താം കിരീടം സ്വന്തമാക്കിയത്.

റെഡ്ബുള്ളിന്റെ തന്നെ മാര്‍ക്ക് വെബ്ബറാണ് മൂന്നാം സ്ഥാനത്ത്. ഇരവരുടെയും മികച്ച പ്രകടനത്തോടെ ടീമിനത്തിലെ ലോകചാംപ്യന്‍പട്ടം ഇത്തവണയും റെഡ്ബുള്‍ സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം തവണയാണ് റെഡ്ബുള്‍ ഒന്നാമതെത്തുന്നത്. കഴിഞ്ഞയാഴ്ച നടന്ന ജപ്പാന്‍ ഗ്രാന്‍പ്രീയില്‍ മക് ലാരന്റെ ജന്‍സന്‍ ബട്ടണും ഫെരാരിയുടെ ഫെര്‍ണാണ്ടോ അലന്‍സോയ്ക്കും പിറകില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയതോടെയാണ് ഇരുപത്തിനാലുകാരനായ വെറ്റല്‍ ഫോര്‍മുല വണ്ണിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടചാംപ്യന്‍ പട്ടം കരസ്ഥമാക്കിയത്.

ജപ്പാന്‍ ഗ്രാന്‍പ്രീ തുടങ്ങുന്നതിന് മുമ്പ് ലോകചാംപ്യന്‍പട്ടത്തിന് ഒരു പോയന്റ് മാത്രം അകലെയായിരുന്നു വെറ്റല്‍. കൊറിയന്‍ ഗ്രാന്‍പ്രി കിരീടം സ്വന്തമാക്കിയതോടെ ഈ സീസണില്‍ ഇതുവരെ കഴിഞ്ഞ 14 ഗ്രാന്‍പ്രീയില്‍ പത്തിലും കിരീടം നേടാന്‍ വെറ്റലിനായി. അവശേഷിക്കുന്ന മൂന്ന ഗ്രാന്‍പ്രീകളില്‍ കൂടി കിരീടം നേടിയാല്‍ ഒരു സീസണില്‍ തന്നെ പതിമൂന്ന് കിരീടം സ്വന്തമാക്കിയ ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷുമാക്കറിന്റെ റെക്കാര്‍ഡിനൊപ്പമെത്താം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.