Categories

വേഗപ്പോരില്‍ വീണ്ടും വെറ്റല്‍

ന്യൂദല്‍ഹി: ഇന്ത്യന്‍ മണ്ണിലെ ആദ്യ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ്പ്രീകിരീടം റെഡ്ബുള്ളിന്റെ സെബാസ്റ്റ്യന്‍ വെറ്റല്‍സ്വന്തമാക്കി. മക്‌ലാരന്‍ മേഴ്‌സിഡസിന്റെ ജന്‍സന്‍ ബട്ടണ്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഫെരാരിയുടെ ഫെര്‍ണാണ്ടോ അലാന്‍സോ മൂന്നാമതെത്തി. മുന്‍ ലോക ചാംപ്യന്‍ മേഴ്‌സിഡസിന്റെ മൈക്കല്‍ ഷുമാക്കര്‍ സീസണിലെ മികച്ച പ്രകടനവുമായി അഞ്ചാം സ്ഥാനത്തെത്തി.

ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ പ്രഥമ ഇന്ത്യന്‍ ഗ്രാന്‍പ്രി കാണാനെത്തിയ ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് താരനിരയെയും ആയികണക്കിന് കാണികളെയും ആവേശത്തിലാഴ്ത്തി ശരവേഗത്തില്‍ ചീറിപ്പാഞ്ഞ വെറ്റല്‍ 23 െ്രെഡവര്‍മാരെ പിന്നിലാക്കിയാണ് സീസണിലെ തന്റെ പതിനൊന്നാം കിരീടം സ്വന്തമാക്കിയത്.

അറുപത് ലാപ്പുകള്‍ പൂര്‍ത്തിയാക്കേണ്ട മത്സരത്തില്‍ 1 മണിക്കൂറും 30 മിനുട്ടും 35 (1 : 30 : 35 : 002 ) സെക്കന്‍ഡുമെടുത്ത് ലാപ്പുകള്‍ പൂര്‍ത്തിയാക്കിയാണ് വെറ്റല്‍ ഒന്നാമതെത്തിയത്. 2004ല്‍ പതിമൂന്ന് കിരീടം നേടിയ മൈക്കെല്‍ ഷുമാക്കറിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ വെറ്റലിനി രണ്ട് ജയം കൂടി മതി. വെറ്റലിന് പിന്നിലായി 8.4 സെക്കന്‍ഡുകള്‍ക്ക് ശേഷം ബട്ടണും 24 സെക്കന്‍ഡുകള്‍ക്കുശേഷം അലന്‍സോയും ലാപ്പുകള്‍ പൂര്‍ത്തിയാക്കി.

എട്ടാമത്തെ പൊസിഷനില്‍നിന്ന് മത്സരം ആരംഭിച്ച ഇന്ത്യന്‍ ടീമായ സഹാറ ഫോഴ്‌സ് ഇന്ത്യയുടെ അഡ്രയിന്‍ സുറ്റില്‍ 9 സ്ഥാനം കെണ്ട് തൃപ്തിപ്പെട്ടു. സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ 23ാം സ്ഥാനത്ത് നിന്ന് മത്സരമാരംഭിച്ച ഇന്ത്യയുടെ നരെയ്ന്‍ കാര്‍ത്തികേയന്‍ ഒടുവില്‍ 17 സ്ഥാനം സ്വന്തമാക്കി. സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് റേസിനു സമാപനം കുറിച്ചുകൊണ്ട് ചെക്കേഡ് ഫഌഗ് വീശിയത്.

ഇന്ത്യന്‍ ഗ്രാന്‍പ്രി ജയത്തോടെ വെറ്റലിന് മൊത്തം 374 പോയന്റായി. 240 പോയന്റോടെ ബട്ടണാണ് രണ്ടാം സ്ഥാനത്ത്. ബട്ടണ് പതിമൂന്ന പോയന്റ് മാത്രം പിറകിലായി അലന്‍സോ മൂന്നാമതാണ്. അബൂദാബിയില്‍ നവംബര്‍ പതിമൂന്നിനാണ് അടുത്ത ഫോര്‍മുല വണ്‍ മത്സരം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.