ന്യൂയോര്‍ക്ക്: അനാരോഗ്യത്തെ തുടര്‍ന്ന് യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നു മുന്‍ ചാമ്പ്യന്‍ വീനസ് വില്യംസ് പിന്‍മാറി. രണ്ടാം റൗണ്ടിലാണ് വീനസ് പിന്‍മാറിയത്. ആദ്യ റൗണ്ടില്‍ റഷ്യയുടെ വെസ്‌ന ഡൊളോന്‍ഡ്‌സിനെ കീഴടക്കിയാണ് വീനസ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. ഡൊളോന്‍ഡ്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വീനസ് പരാജയപ്പെടുത്തിയതെങ്കിലും ഒന്നാം റൗണ്ടില്‍ യു.എസ് താരത്തിന്റെ അനാരോഗ്യം പ്രകടമായിരുന്നു.

തുടര്‍ന്ന് ഇന്ന് ജര്‍മനിയുടെ സബീന്‍ ലിസിക്കിയെ നേരിടാനിരിക്കെയാണ് വീനസ് തന്റെ പിന്‍മാറല്‍ തീരുമാനം അറിയിച്ചത്. ഇതോടെ ലിസിക്കിയ്ക്കു വാക്കോവര്‍ ലഭിച്ചു.

വീനസ് തുടര്‍ച്ചയായി രണ്ടു വര്‍ഷം(2000, 2001) യുഎസ് ഓപ്പണ്‍ കിരീടം ഉയര്‍ത്തിയിട്ടുണ്ട്. ഇതിനിടെ ആറാം സീഡ് താരം സ്വീഡന്റെ റോബിന്‍ സൊഡര്‍ലിംഗും ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറി. പരിക്കിനേത്തുടര്‍ന്നാണ് സൊഡര്‍ലിംഗ് പിന്‍മാറല്‍ പ്രഖ്യാപിച്ചത്. അതേസമയം, പരിക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.