സൂപ്പര്‍ഹിറ്റ് മലയാള ചിത്രം ‘ബോഡീഗാര്‍ഡി’ന്റെ തെലുങ്ക് റീമേക്കുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് ശുഭസമാപ്തി. ‘ബോഡീഗാര്‍ഡി’ന്റെ റീമേക്കുമായി ബന്ധപ്പെട്ട് തെലുങ്കില്‍ പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. ചിത്രത്തില്‍ രവി തേജ നായകനാകുമെന്നായിരുന്നു അദ്യ റിപ്പോര്‍ട്ട്. പിന്നീട് ബാലകൃഷ്ണയാവുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. അവസാനം സുനിലിന്റെ പേരുവരെ നായകസ്ഥാനത്ത് നിലനിന്നിരുന്നു. എന്നാല്‍ ഇവരൊന്നുമല്ല റീമേക്കുകളുടെ  രാജാവിനെ തന്നെ ‘ബോഡീഗാര്‍ഡി’ല്‍ നായകവേഷം ഏല്‍പ്പിക്കാനാണ് പുതിയ തീരുമാനം. ഇതിനായി വെങ്കിടേഷിന്റെ സമ്മതം ലഭിച്ചുകഴിഞ്ഞു.

കന്നഡ ചിത്രം നാഗവല്ലിയുടെ റീമേക്കില്‍ നായകനായതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു റീമേക്ക് ചിത്രം കൂടി വെങ്കിടേഷ് ഏറ്റെടുക്കുന്നത്. ഗോപീചന്ദ് മലിനേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ബോഡീഗാര്‍ഡി’ന്റെ റീമേക്ക് റൈറ്റ് ലഭിച്ചിരിക്കുന്നത് ബെല്ലംകോണ്ട സുരേഷിനാണ്. നായകനെ ലഭിച്ചു. ബെല്ലംകോണ്ട ഇപ്പോള്‍ നായികയ്ക്കുവേണ്ടിയുള്ള തിരിച്ചിലിലാണ്.

ദിലീപ് നായകനായ ചിത്രം മലയാളത്തില്‍ വന്‍ ജനശ്രദ്ധ നേടിയിരുന്നു. വിജയ് നായകനായ കാവലന്‍ എന്ന തമിഴ് പതിപ്പും ഹിറ്റായിരുന്നു. സല്‍മാന്‍ ഖാന്‍ നായകനാകുന്ന ഹിന്ദി പതിപ്പും ഉടന്‍ പുറത്തുവരും.