Administrator
Administrator
ഇന്ത്യന്‍ വംശജന് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം
Administrator
Wednesday 7th October 2009 11:30pm

venkattaraman-ramakrishnan

സ്‌റ്റോക്‌ഹോം: ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് 2009ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം. റൈബോസോമിന്റെ ഘടനയെ കുറിച്ചുള്ള പഠനത്തിനാണ് ഈ ശാസ്ത്രജ്ഞര്‍ക്ക് അവാര്‍ഡ് ലഭിച്ചത്. അമേരിക്കക്കാരനായ തോമസ് സ്‌റ്റെയ്റ്റ്‌സ്, ഇസ്രായേലി ശാസ്ത്രജ്ഞ അദാ യോനാഥ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ട മറ്റ് രണ്ട് പേര്‍.

പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുന്ന റൈബോസോമുകളുടെ മാപ്പിംഗാണ് ഇവര്‍ കണ്ടെത്തിയത. മനുഷ്യശരീരത്തിലെ കോശങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ റൈബോസോമിന് നിര്‍ണായക പങ്കാണുള്ളത്. കഴിഞ്ഞ 25 വര്‍ഷമായി ശാസ്ത്രലോകം റൈബോസോമുകളെക്കുറിച്ച് പഠിക്കുന്നുണ്ട്. ഇത് രണ്ടാം തവണയാണ് റൈബോസോമുകളുടെ പഠനത്തിന് നൊബേല്‍ കിട്ടുന്നത്.പുതിയ കണ്ടുപിടിത്തം ആന്റിബയോട്ടിക്കുകളുടെ ഉത്പാദനത്തില്‍ വന്‍വിപ്ലവത്തിന് വഴിതെളിക്കുമെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി.

1952ല്‍ തമിഴ്‌നാട്ടിലെ ചിദംബരത്ത് ജനിച്ച വെങ്കിട്ടരാമന്‍ കേംബ്രിഡ്ജിലെ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ലബോറട്ടറി ഒഫ് മോളിക്യുലാര്‍ ബയോളജിയില്‍ ബയോളജിസ്റ്റാണ്.1971ല്‍ ബറോഡ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഫിസിക്‌സില്‍ വെങ്കിട്ടരാമന്‍ ബിരുദം നേടിയത്. തുടര്‍ന്ന് അമേരിക്കയിലെ ഒഹായോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി ബിരുദവും നേടി. പിന്നീടാണ് ബയോളജി പഠന വിഷയമാക്കിയത്. സാന്‍ഡീഗോയിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ ബയോളജി പഠിച്ചു, ബയോകെമിസ്റ്റായ മൊറിസിയോ മൊണാലുമായി ചേര്‍ന്ന് ഗവേഷണവും ആരംഭിച്ചു. അമേരിക്കയിലെ ബ്രൂക്‌നെര്‍ നാഷണല്‍ ലബോറട്ടറിയില്‍ ഗവേഷകനായി ചേര്‍ന്നു. റൈബോസോമല്‍ പ്രൊട്ടീനുകളുടെ ത്രിമാനഘടന നിര്‍ണയിക്കാനുള്ള ജീന്‍കോ്‌ളണിംഗ് ഗവേഷണത്തില്‍ ഏര്‍പ്പെട്ടു. അതിനിടെ ഗൂഗെനിം ഫെലോഷിപ്പ് ലഭിച്ചു. എക്‌സ്‌റോ ക്രിസ്റ്റലോഗ്രാഫി പഠനത്തിനായിരുന്നു അത്. 1995ല്‍ ഉട്ടാ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. അവിടെ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറായി. പിന്നീടാണ് കേംബ്രിഡ്ജിലെ മോളിക്കുലര്‍ ബയോളജി ലബോറട്ടറിയില്‍ സീനിയര്‍ സയന്റിസ്റ്റായും, സ്ട്രക്ചറല്‍ സ്റ്റഡീസ് വിഭാഗം ഗ്രൂപ്പ് ലീഡറായും ചേര്‍ന്നത്.

Advertisement