Administrator
Administrator
വെഞ്ഞാറമൂട് സംഭവം: ടി.വി.രാജേഷിനെതിരെ ഡി.ജി.പിയുടെ റിപ്പോര്‍ട്ട്
Administrator
Tuesday 18th October 2011 9:36pm

തിരുവനന്തപുരം: ടി.വി.രാജേഷ് എം.എല്‍.എ വെഞ്ഞാറമൂട് വെച്ച് ഹൈവേ പോലീസിനെ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്. സംഘത്തിലുണ്ടായിരുന്ന വനിതാ പോലീസിനെ എം.എല്‍.എ അപമാനിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹൈവേ പോലീസ് തന്നെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന രാജേഷിന്റെ പരാതിയില്‍ കഴമ്പില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തെതുടര്‍ന്ന് ടി.വി.രാജേഷ് സ്പീക്കര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഡി.ജി.പി അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞമാസം മുപ്പതാം തീയ്യതിയായിരുന്നു പരാതിക്കാധാരമായ സംഭവം. തിരുവന്തപുരം വെഞ്ഞാറമ്മൂടില്‍ വെച്ച് പോലീസ് പട്രോളിങ് നടത്തുന്നതിനിടെ എം.എല്‍.എയുടെ വാഹനം തടഞ്ഞുനിര്‍ത്തിയെന്നും ഇതിനെ തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായപ്പോള്‍ എസ്.ഐ. തോമസിനെ ടി.വി.രാജേഷ് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.

സംഭവത്തെതുടര്‍ന്ന് എസ്.ഐ. തോമസ് വെഞ്ഞാറമൂട് സി.ഐക്കും സ്ഥലം എസ്.ഐക്കും പരാതി നല്‍കി. സംഘത്തിലുണ്ടായിരുന്ന് വനിതാ പോലീസിനെ എംഎല്‍എ അസഭ്യം പറഞ്ഞുവെന്നും പരാതിയിലുന്നയിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്നും താന്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും കാര്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ വാക്കുതര്‍ക്കമുണ്ടായി എന്നത് ശരിയാണെന്നും ടി.വി.രാജേഷ് എം.എല്‍.എ. പ്രതികരിച്ചിരുന്നു.

എം.എല്‍.എ. ആണെന്ന് അറിയിക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുകയും ചെയ്‌തെങ്കിലും എസ്.ഐ. കയര്‍ത്തുസംസാരിക്കുകയാണ് ഉണ്ടായതെന്നും ടി.വി.രാജേഷ് പറഞ്ഞിരുന്നു. തുടര്‍ന്ന് എം.എല്‍.എ ഹൈവേ പോലീസ് തന്നെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

Advertisement