വേങ്ങര: 34.5 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുള്ള (26), ആവിലോറ തറമ്മേല്‍ വീട്ടില്‍ മുഹമ്മദ് (25) എന്നിവരെയാണ് വേങ്ങര ചേറൂരില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. വ്യഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം.

രഹസ്യ വിവരത്തെത്തുടര്‍ന്ന്  പരിശോധന നടത്തുന്ന പോലീസ് സംഘത്തെ വെട്ടിച്ച് കടന്നു പോവുകയായിരുന്ന കെ.എല്‍ 57 -9111 കാര്‍ ചേറൂര്‍ ഗള്‍ഫുപടിയില്‍ വച്ച് പിടികൂടുകയായിരുന്നു. പരിശോധനയില്‍ കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച മുപ്പത്തിനാലരലക്ഷം രൂപയുടെ കുഴല്‍പ്പണം കണ്ടെടുത്തു. അറസ്റ്റിലായവര്‍ കുഴല്‍പ്പണ വിതരക്കാര്‍ മാത്രമാണെന്ന് പോലീസ് പറഞ്ഞു.

വേങ്ങര എസ്.ഐ അനില്‍കുമാര്‍ മേപ്പള്ളി, കോണ്‍സ്റ്റബിള്‍മാരായ വിജയന്‍, മോഹനന്‍, സൂര്യനാരായണന്‍, ശശികല എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.