കാരക്കാസ്: തനിക്കും നിയമസഭയിലെ മറ്റ് അംഗങ്ങള്‍ക്കും വധഭീഷണിയുള്ളതായി വെനസ്വേലന്‍ വൈസ് പ്രസിഡന്റ് നിക്കോളാസ് മധുരോ. ജീവന് ഭീഷണിയുള്ളതായി സുരക്ഷാ വിഭാഗത്തില്‍ നിന്നാണ് വിവരം ലഭിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം, ജീവന് ഭീഷണിയുണ്ടെന്നതിന് യാതൊരു തെളിവും മധുര വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഉടന്‍ തന്നെ ചില അറസ്റ്റുകള്‍ ഉണ്ടാകുമെന്നും മധുരോ അറിയിച്ചു.

Ads By Google

തന്നെയും നിയമസഭയിലെ മറ്റ് അംഗങ്ങളേയും ആക്രമിക്കാന്‍ പദ്ധതിയിട്ട ചില സംഘടനകളെ കുറച്ച് നാളായി നിരീക്ഷിച്ച് വരികയാണ്. ഉടന്‍ തന്നെ അവരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യും. മധുരോ പറഞ്ഞു.

വരും ദിവസങ്ങളില്‍ ഉണ്ടാകുന്ന ചില സംഭവങ്ങളില്‍ ആശ്ചര്യരാവരുതെന്നും മധുരോ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികളോട് കാരുണ്യം കാണിക്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഷാവേസിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ക്യൂബയിലെ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കാന്‍സര്‍ ചികിത്സയ്ക്കായി ക്യൂബയിലേക്ക് പോകുന്നതിന് മുമ്പ് തന്റെ പിന്‍ഗാമിയായി മധുരോയെ പ്രഖ്യാപിച്ചിട്ടാണ് ഷാവേസ് പോയത്.