കാരക്കാസ് : ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് വെനസ്വോലയില്‍ നിന്ന് അപ്രതീക്ഷിത തോല്‍വി. അര്‍ജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് വെനസ്വേല അട്ടിമറിച്ചത്. കഴിഞ്ഞ കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്ന വെനസ്വേല ഇതാദ്യമായാണ് അര്‍ജന്റീനയെ തോല്‍പിക്കുന്നത്.

അറുപത്തി ഒന്നാം മിനിറ്റില്‍ ഫെര്‍ണാണ്ടോ അമോരെബിയേറ്റയാണ് വിജയികള്‍ക്കായി അര്‍ജന്റീനയുടെ വല ചലിപ്പിച്ചത്. യുവാന്‍ അരാങ്കോയെടുത്ത കോര്‍ണര്‍ കിക്ക് അത്‌ലറ്റികോ ബില്‍ബോയുടെ ഡിഫന്‍ഡറായ അമൊരേബിയേറ്റ വലയിലേയ്ക്ക് വിജയകരമായി ഹെഡ് ചെയ്തിടുകയായിരുന്നു.

Subscribe Us:

നേരത്തെ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന ചിലിക്കെതിരെ തകര്‍പ്പന്‍ വിജയം നേടിയിരുന്നു.ഒന്നിനെതിരെ നാലു ഗോളിനാണ് ലയണല്‍ മെസ്സിയും കൂട്ടരും ചിലിയെ തകര്‍ത്തത്. എന്നാല്‍ ആ താളം കളിക്കളത്തില്‍ വെനുസ്വേലക്കെതിരെ വീണ്ടുമാവര്‍ത്തിക്കാന്‍ മുന്‍ ലോക ചാംപ്യന്‍മാര്‍ക്കായില്ല. രണ്ടു കളികളില്‍ നിന്ന് നാലു പോയന്റുമായി കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ഉറുഗ്വായാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. മൂന്ന് പോയിന്റുള്ള അര്‍ജന്റീന രണ്ടാം സ്ഥാനത്താണ്.