കൊച്ചി: മുഖ്യമന്ത്രി മുസ്‌ലീം ലീഗിന് കീഴടങ്ങിയെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാനത്ത് മലപ്പുറം ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റിപ്പറയേണ്ട അവസ്ഥയാണ് മുഖ്യമന്ത്രിയുടേതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. മലപ്പുറത്തെ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് ഇന്നലെ പറഞ്ഞ മുഖ്യമന്ത്രി തീരുമാനം തത്വത്തില്‍ അംഗീകരിച്ചതായി ഇന്ന് അറിയിച്ചിരുന്നു.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി എന്‍.എസ്.എസും രംഗത്തെത്തിയിട്ടുണ്ട്. ഭരണം നിലനിര്‍ത്താനാണ് മുഖ്യമന്ത്രി ലീഗിന് കീഴടങ്ങിയതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും കുറ്റപ്പെടുത്തി.